X
    Categories: keralaNews

വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസ്; സി.പി.എം നേതാവിനെതിരെ കൂടുതല്‍ പരാതി

മലപ്പുറം: മലപ്പുറത്ത് പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സി.പി.എം മുന്‍ കൗണ്‍സിലറും റിട്ട. അധ്യാപകനുമായ കെ.വി ശശികുമാറിനെതിരെ കൂടുതല്‍ പരാതികളുണ്ടെന്ന് പൊലീസ്. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

ശശികുമാറിനെതിരെ നിലവില്‍ ഒരു പോക്‌സോ കേസാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിനു പുറമെ നാലു യുവതികള്‍ കൂടി പരാതിയുമായി കഴിഞ്ഞ ദിവസം പൊലീസിനെ സമീപിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരാതികള്‍ക്ക് സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. അങ്ങനെ വന്നാല്‍ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ശശികുമാറിനെതിരെ പൂര്‍വവിദ്യാര്‍ഥികളില്‍ നിന്നുതന്നെ ഗുരുതര ആരോപണങ്ങള്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്.

എന്നാല്‍ പല കേസുകളും പോക്‌സോ നിയമം നിലവില്‍ വന്ന 2012ന് മുമ്പുള്ളതാണ്. അതുകൊണ്ടു തന്നെ ഇത്തരം പരാതികളില്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടിയിരിക്കുകയാണ്. പഠനസമയത്ത് ആണ്‍കുട്ടികളെയും ഇയാള്‍ ചൂഷണം ചെയ്തിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. വളരെ വൈകൃതമായ രീതിയില്‍ വിദ്യാര്‍ഥികളെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് പരാതിയില്‍ ലഭിക്കുന്നത്. ഒരു അധ്യാപകന്റെ ഭാഗത്ത് നിന്നും ഒരു നിലക്കുമുണ്ടാവാന്‍ പാടില്ലാത്ത ഗുരുതര ആരോപണങ്ങളാണ് ശശിക്കെതിരെ ഉയരുന്നത്. വരുംദിവസങ്ങളില്‍ പ്രതിയെ സ്‌കൂളില്‍ ഉള്‍പ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും. അതിനിടെ സ്‌കൂള്‍ അധികൃതര്‍ക്ക് സംഭവത്തില്‍ വീഴ്ച്ച സംഭവിച്ചിട്ടുണ്ടോ എന്നതിലും അന്വേഷണം ആരംഭിച്ചു.

മുപ്പത് വര്‍ഷത്തോളം സ്‌കൂള്‍ അധ്യാപകനും മൂന്ന് തവണ മലപ്പുറം നഗരസഭാ കൗണ്‍സിലറുമായിരുന്ന ശശികുമാറിനെതിരെ ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പൂര്‍വ വിദ്യാര്‍ഥിനി പീഡന ആരോപണം ഉന്നയിച്ചത്. ഈ മാസം ഏഴിന് നേരിട്ട് പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പരാതി രജിസ്റ്റര്‍ ചെയ്തതിന് പിറകെ ഒളിവില്‍ പോയ പ്രതിയെ വയനാട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Chandrika Web: