X

തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തിന്റെ പാദസേവകരെന്ന് കമല്‍ഹാസന്‍

ചെന്നൈ: കാവേരി വിഷയത്തില്‍ ഇ.എ.പളനിസാമിയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സര്‍ക്കാറിനും കേന്ദ്രസര്‍ക്കാരിനുമെതിരെ തുറന്നടിച്ച് മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. കാവേരി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നാടകം കളിക്കുകയാണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തിന്റെ പാദസേവകരാണെന്നും കമല്‍ഹാസന്‍ കുറ്റപ്പെടുത്തി. കാവേരി മാനേജമെന്റ് ബോര്‍ഡ് ഉടന്‍ സ്ഥാപിക്കണം. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ ഒരുപോലെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്. ജനങ്ങളെ എല്ലാക്കാലവും വിഡ്ഢികളാക്കാമെന്ന് ഭരണാധികാരികള്‍ കരുതേണ്ട. ജനരോഷത്തിന് മുന്നില്‍ ഒടുവില്‍ മുട്ടുമടക്കേണ്ടി വരുമെന്നും അദ്ദേഹം തിരിച്ചിറപ്പിള്ളിയില്‍ പറഞ്ഞു. എ.ഐ.എ.ഡി.എം.കെ കഴിഞ്ഞദിവസം നടത്തിയ നിരാഹാര സമരത്തെയും കമല്‍ വിമര്‍ശിച്ചു. താന്‍ നിരാഹാരസമരങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും നിരാഹാര സമരം കൊണ്ടോ പ്രതിഷേധങ്ങള്‍ കൊണ്ടോ കേന്ദ്ര നിലപാടില്‍ മാറ്റം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊരു രാഷ്ട്രീയ തന്ത്രമാണ്. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് ഈ കള്ളക്കളി മനസിലാകുന്നുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല. തമിഴ്‌നാടിന് ഇവിടെ നഷ്ടപ്പെടുന്നത് ലഭിക്കേണ്ട നീതിയാണ്. കൈയെത്തും ദൂരത്ത് എത്തിയിട്ടും അതിന് തടസം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ചിലര്‍ നടത്തുന്നത്- കമല്‍ പറഞ്ഞു.

മക്കള്‍ നീതി മയ്യം പാര്‍ട്ടി രൂപീകരിച്ച കമല്‍ ഹാസന്‍ തമിഴ് രാഷ്ട്രീയത്തില്‍ വന്‍ ഇടപെടലുകളാണ് നടത്തുന്നത്. രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ സമൂഹമാധ്യമമായ ട്വിറ്ററില്‍ സജീവമാണ് കമല്‍ഹാസന്‍. അതേസമയം രാഷ്ട്രീയത്തിലേക്ക് കടന്ന രജനീകാന്തും അടുത്തിടെ ട്വിറ്ററില്‍ ഔദ്യോഗിക അക്കൗണ്ടുണ്ടാക്കി രംഗത്തെത്തിയിരുന്നു.

chandrika: