X

പിവി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്കിന് സ്റ്റോപ് മെമ്മോ; ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുറക്കരുത്

കോഴിക്കോട്: കക്കാടംപൊയിലിലെ പിവി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്കിന് സ്റ്റോപ് മെമ്മോ. ജില്ലയില്‍ പലയിടത്തായി മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ സാഹചര്യത്തിലാണ് കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയുടെ നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് അതോറിറ്റി മെമ്മോയില്‍ പറയുന്നു.

കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം പന്ത്രാണ്ടായി. റിംഷ ഷെറിന്‍, നുസ്രത്ത്, ഷംന, നിയ ഫാത്തിമ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ ലഭിച്ചത്. ഉരുള്‍പൊട്ടലില്‍ കാണാതായ ഒന്നരവയസുകാരി റിഫ ഫാത്തിമ മറിയത്തിന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.രണ്ടു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

സഹായത്തിനായി ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം കൂടി സ്ഥലത്ത് എത്തിയിട്ടുണ്ട്. അതേസമയം മഴ കുറഞ്ഞത് തെരച്ചിലിന് ആശ്വാസം പകര്‍ന്നിട്ടുണ്ട്. ജില്ലയിലെ മലയോര മേഖലകളിലടക്കം മഴയ്ക്ക് ശമനമുണ്ടായതോടെ പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങി.

വ്യാഴാഴ്ച പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ച് വീടുകളാണ് ഒലിച്ചുപോയത്. കരിഞ്ചോല അബ്ദുറഹിമാന്‍ (60), മകന്‍ ജാഫര്‍(35), ജാഫറിന്റെ പുത്രന്‍ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുല്‍ സലിമിന്റെ മക്കളായ ദില്‍ന ഷെറിന്‍ (ഒന്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), കരിഞ്ചോല ഹസന്‍ (65), മകള്‍ ജന്നത്ത് (17) എന്നിവരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച കണ്ടെടുത്തിരുന്നു. കാണാതായ നസ്‌റത്തിന്റെ ഒരു വയസുള്ള മകള്‍ റിഫ ഫാത്തിമ മറിയത്തിന്റെ മൃതദേഹം വെള്ളിയാഴ്ചയും കണ്ടെത്തിയത്.

chandrika: