X

മലബാറിനോടുള്ള കേന്ദ്രത്തിന്റെ അവഗണന തുടരുന്നു; ആകാശവാണി കോഴിക്കോട് വാര്‍ത്താവിഭാഗം അടച്ചുപൂട്ടുന്നു; പ്രതിഷേധം ശക്തം

കേന്ദ്രസര്‍ക്കാരിന്റെ മലബാറിനോടുള്ള അവഗണന തുടരുന്നതിന് തെളിവായി ആകാശവാണി കോഴിക്കോട് വാര്‍ത്താവിഭാഗം അടച്ചുപൂട്ടുന്നു. അരനൂറ്റാണ്ടിലേറെയായി മലയാളികള്‍ക്കൊപ്പമുള്ള വാര്‍ത്താപ്രക്ഷേപണത്തിനാണ് കേന്ദ്രം പൂട്ടിടുന്നത്. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.

ലാഭകരമായ നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ആകാശവാണി കോഴിക്കോട് ന്യൂസ് യൂണിറ്റ് അടച്ചുപൂട്ടാന്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് പ്രസാര്‍ ഭാരതി തീരുമാനം വരുന്നത്. രാജ്യത്തെ ഏഴ് വാര്‍ത്താ യൂനിറ്റുകള്‍ അടച്ചുപൂട്ടാനായിരുന്നു അന്ന് പ്രസാര്‍ ഭാരതിയുടെ തീരുമാനം. ഇതില്‍ ഉള്‍പ്പെട്ട ഇന്‍ഡോര്‍ റീജ്യണല്‍ ന്യൂസ് യൂനിറ്റിന്റെ പ്രവര്‍ത്തനം ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അവസാനിപ്പിച്ചു. കോഴിക്കോട് യൂനിറ്റാണ് അടുത്തതായി അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നത്. ഇതിനായി കടലാസ് നടപടിക്രമങ്ങള്‍ മന്ത്രാലയം ആരംഭിച്ചതായാണ് സൂചന. നേരത്തെ ശക്തമായ പ്രതിഷേധത്തെ തുടന്ന് കോഴിക്കോട് യൂനിറ്റ് അടച്ചുപൂട്ടില്ലെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും ഇപ്പോള്‍ നീക്കം വീണ്ടും സജീവമായിരിക്കുകയാണ്. കോഴിക്കോട് നിലവിലുള്ള ആളുകളെ തിരുവനന്തപുരത്തേക്ക് മാറ്റാനാണ് പ്രസാര്‍ഭാരതി ലക്ഷ്യം വെക്കുന്നത്. രണ്ടരക്കോടി രൂപയുടെ പരസ്യവരുമാനം കോഴിക്കോടിനുണ്ട്. പ്രതിവര്‍ഷം 40ലക്ഷം മാത്രമാണ് ചിലവ് വരുന്നത്. ഈ സാഹചര്യത്തില്‍ നിലയം അടച്ചുപൂട്ടാനുള്ള നീക്കം മലബാറിനോടുള്ള അവഗണനയായാണ് വിലയിരുത്തുന്നത്. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച നടപടിയും ഇതിന്റെ ഭാഗമാണെന്നാണ് ഉയര്‍ന്നുവരുന്ന വിമര്‍ശനം.

നിലയം അടച്ചുപൂട്ടുന്നതിനെതിരെ ഇപ്പോള്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. അഖില കേരളാ റേഡിയോ ലിസണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ എം.പിമാര്‍ക്കും കേന്ദ്ര മന്ത്രിമാര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഈ നീക്കത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

chandrika: