X

കേന്ദ്ര സര്‍ക്കാര്‍ നിഷ്‌ക്രിയം: മുസ്‌ലിം ലീഗ്

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും നീതി നിഷേധങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും അതീവ ഗൗരവമുള്ളതാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിഷ്‌ക്രിയത്വം പാലിക്കുകയാണെന്നും മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന സര്‍വ്വ കക്ഷി യോഗത്തില്‍ മുസ്ലിംലീഗിനെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസമില്‍ ആയിരക്കണക്കിന് ആളുകളെ തങ്ങളുടെ കൂരകളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടിരിക്കുകയാണ്. ത്രിപുരയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളും രാജ്യത്തെ ഞെട്ടിപ്പിച്ചിട്ടുണ്ട്. സുപ്രീം കോടതി തന്നെ ഇത്തരം കാര്യങ്ങള്‍ പല തവണ ചൂണ്ടികാണിച്ചിട്ടും ഗവണ്മെന്റ് നിഷ്‌ക്രിയത്വം കാണിക്കുക മാത്രമല്ല നിയമപാലകര്‍ തന്നെ അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. എസ്.സി, എസ് ടി, ദളിത് വിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്നതും സങ്കടകരമായ കയ്യേറ്റങ്ങളാണ് ഇ.ടി പറഞ്ഞു.

യു.എ.പി.എ പോലുള്ള കരി നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഗവണ്മെന്റ് തയ്യാറാകണം. ഇത്തരം നിയമങ്ങളുടെ ദുരുപയോഗത്തെ പറ്റി സുപ്രീംകോടതി പോലും തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതോടപ്പം തന്നെ ജാതി സെന്‍സസിന്റെ കാര്യത്തിലും ഗവണ്മെന്റ് പെട്ടെന്ന് തീരുമാനം ഉണ്ടാക്കണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറിയ കക്ഷികള്‍ ഉള്‍പ്പെടെ എല്ലാവരെയും ഉള്‍ക്കൊള്ളണമെന്നും കാര്‍ഷിക നിയമം പിന്‍വലിച്ച മാതൃകയില്‍ സി.എ.എ ഉള്‍പ്പെടെ ജനവിരുദ്ധ നടപടികളില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി ആവശ്യപ്പെട്ടു. പാര്‍ലമെന്റ് നിയമം നിര്‍മിക്കേണ്ടത് ജനങ്ങള്‍ക്കു വേണ്ടിയാണ്. എല്ലാ വിഭാഗങ്ങള്‍ക്കും സുരക്ഷിതത്വവും പരിഗണനയും ഉറപ്പാക്കുന്നതിലാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. ഭൂരിപക്ഷത്തിന്റെ ബലം ഉപയോഗിച്ച് ജനാധിപത്യത്തിന്റെ സൗന്ദര്യത്തെ ഇല്ലാതാക്കാന്‍ പാടില്ല. അദ്ദേഹം പറഞ്ഞു.

 

 

 

web desk 3: