X

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികമായാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാം; കേന്ദ്രത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

ഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഒരാഴ്ചയായി പോസിറ്റിവിറ്റി നിരക്ക് 10 ശതമാനമോ അതില്‍ കൂടുതലോ ആയിരിക്കുമ്പോഴും 60 ശതമാനത്തിലധികം ആശുപത്രി കിടക്കകള്‍ ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തിലും ലോക്ക്ഡൗണ്‍ വരെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ ആകാമെന്ന് കേന്ദ്രം നിര്‍ദേശിക്കുന്നു.

ഒരു പ്രദേശത്തു ലോക്ക്ഡൗണ്‍ അല്ലെങ്കില്‍ ‘വലിയ കണ്ടെയ്ന്‍മെന്റ് സോണ്‍’ പ്രഖ്യാപിക്കുമ്പോള്‍, രോഗികളുടെ കണക്ക്, മറ്റു വിശകലനങ്ങള്‍, ഭൂമിശാസ്ത്രം, ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍, മനുഷ്യശേഷി, അതിര്‍ത്തികള്‍ തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുക്കണം.

മറ്റ് നിര്‍ദേശങ്ങള്‍ ഇങ്ങനെ

രാത്രി കര്‍ഫ്യൂ അവശ്യ പ്രവര്‍ത്തനങ്ങള്‍ ഒഴികെ രാത്രിയില്‍ എല്ലാം നിരോധിക്കണം. കര്‍ഫ്യു കാലാവധി പ്രാദേശിക ഭരണകൂടത്തിനു തീരുമാനിക്കാം.

അവശ്യ സേവനങ്ങള്‍ മാത്രമേ പൊതുമേഖലയിലും സ്വകാര്യമേഖലയിലും അനുവദിക്കാവൂ.

അവശ്യവസ്തുക്കളുടെ ഗതാഗതം ഉള്‍പ്പെടെയുള്ള അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്കു നിയന്ത്രണങ്ങള്‍ പാടില്ല.

സാമൂഹികം, രാഷ്ട്രീയം, കായികം, വിനോദം, അക്കാദമിക്, സാംസ്‌കാരികം, മതം, ഉത്സവ സംബന്ധിയായ മറ്റ് ഒത്തുചേരലുകള്‍ തുടങ്ങിയവ നിരോധിക്കണം.

റെയില്‍വേ, മെട്രോ, ബസ്, ക്യാബുകള്‍ തുടങ്ങിയ പൊതുഗതാഗതം അവയുടെ ശേഷിയുടെ പകുതി ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കാം.

വിവാഹങ്ങളില്‍ 50 പേരെ പങ്കെടുപ്പിക്കാം. ശവസംസ്‌കാര ചടങ്ങുകള്‍ 20 പേര്‍ക്കായി പരിമിതപ്പെടുത്തണം.

ഷോപ്പിങ് കോംപ്ലക്‌സുകള്‍, സിനിമ തിയറ്ററുകള്‍, റസ്റ്ററന്റുകളും ബാറുകളും, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍, ജിം, സ്പാ, നീന്തല്‍ക്കുളം, ആരാധനാലയങ്ങള്‍ എന്നിവ അടയ്ക്കണം.

വ്യവസായിക, ശാസ്ത്ര സ്ഥാപനങ്ങള്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ അനുസരിച്ചു പ്രവര്‍ത്തിക്കണം

ഓഫിസുകള്‍ക്ക് പകുതി ജീവനക്കാരുമായി പ്രവര്‍ത്തിക്കാം.

 

web desk 3: