X
    Categories: MoreViews

സി.എച്ചിന്റെ വേദിയിലെ തീപിടിത്തവും ബെന്നിയുടെ സമ്മാനവും

നൗഫല്‍ പനങ്ങാട്
തൃശൂര്‍

1979ല്‍ കോട്ടയത്തു സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയുടെ സമാപന സമ്മേളനം നടക്കുകയാണ്. ഉദ്ഘാടനം ചെയ്യുന്നത് വിദ്യഭ്യാസ മന്ത്രി സി.എച്ച് മുഹമ്മദ് കോയ സാഹിബ്. കൗമാര കലാകാരന്‍മാര്‍ ആടിത്തിമിര്‍ത്ത വേദിയില്‍ വാക്കുളുടെ അഴകുമായി സി.എച്ച് സദസ്സിനെ കയ്യിലെടുക്കുകയാണ്. പെട്ടെന്നാണ് സമീപത്ത് സമ്മാനം കിട്ടിയ വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്നിടത്ത് ചെറിയൊരു തീപിടിത്തമുണ്ടാകുന്നത്. സദസൊന്നു പരിഭ്രമിച്ചെങ്കിലും സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ ഇടപെട്ട് പെട്ടെന്ന് തന്നെ തീ നിയന്ത്രണ വിധേയമാക്കി.

വീണ്ടുമൊരിക്കല്‍ക്കൂടി സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരിലെത്തുമ്പോള്‍ മലയാള സാഹിത്യത്തിന്റെ ആസ്ഥാനത്തിരുന്നുകൊണ്ട് ഈ ഒമ്പതാം ക്ലാസുകാരന്‍ ഓര്‍മകള്‍ അയവിറക്കുകയാണ്. 1979ല്‍ കോട്ടയത്തുവെച്ചുനടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കഥാരചനയില്‍ ഒന്നാം സ്ഥാനം നേടിയ ടി.പി ബെന്നി എന്ന അന്തിക്കാട്ടുകാരന്‍ ഇപ്പോള്‍ കേരള സാഹിത്യ അക്കാദമിയില്‍ പ്രോഗ്രാം കോഡിനേറ്ററാണ്. കാലവും കഥയെഴുത്തും ഒരുപാട് മാറിപ്പോയെന്ന് ബെന്നി പറയുന്നു.

ഇന്നത്തെ പോലെ എഴുത്തിനും വായനക്കും സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത കാലത്താണ് അന്തിക്കാടെ സാധാരണ നാട്ടിന്‍പുറത്തുകാരനായ എനിക്ക് കഥയെഴുത്തിലൂടെ സമ്മാനം കിട്ടിയതെന്നോര്‍ക്കുമ്പോള്‍ ഇപ്പോഴും ആശ്ചര്യമാണ്. ഒരു വെളുപ്പാന്‍ കാലത്ത് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കോട്ടയത്തേക്ക് ബസ് കയറി അവിടെ എത്തിയതും മത്സരത്തില്‍ പങ്കെടുത്തതും ചെറിയൊരോര്‍മ മാത്രാമാണ്. സി.എച്ച് പങ്കെടുത്ത സദസ്സില്‍ വെച്ചാണ് സമ്മാനം ഏറ്റുവാങ്ങിയത് ഏറെ സന്തോഷം തരുന്നതാണ്. സമ്മാനം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഓര്‍മകളേ എനിക്കുവിട എന്ന പേരിലാണ് കഥയെഴുതി സമ്മാനം നേടിയത്

സ്‌കൂള്‍ പഠനത്തിനു ശേഷം കഥയെഴുത്തിന്റെ മേഖലയില്‍ നിന്നും പ്രസംഗത്തിലേക്ക് കടക്കുകയായിരുന്നു. നാട്ടിക എസ്.എന്‍ കോളജില്‍ പഠിക്കുമ്പോള്‍ പ്രസംഗ മത്സരത്തിന് നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. പനമ്പള്ളി ഗോവിന്ദമേനോന്‍ കോളജില്‍ നടന്ന ഇന്റലക്ച്ചല്‍ ജയന്റ് അവാര്‍ഡ് അടക്കമുള്ളവ കൂട്ടത്തില്‍പ്പെടും. ബിരുദ പഠനത്തിനു ശേഷം 1988 മുതല്‍ കേരള സാഹിത്യ അക്കാദമിയില്‍ ജോലിക്കാരനായി. സൂര്യ ടി.വി സംപ്രേക്ഷണം ചെയ്ത മിന്നുകെട്ട് എന്ന സീരിയലടക്കം നിരവധി സീരിയലുകള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. കേരളത്തിലെ ഒട്ടുമിക്ക എഴുത്തുകാരുമായി ഇതിനിടയില്‍ നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞെന്നു ഇദ്ദേഹം പറയുന്നു. കലോത്സവങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ പിന്നീടെങ്ങോട്ട് പോകുന്നു എന്നുള്ളതും അന്വേഷിക്കണം.

കഴിവുള്ളവര്‍ക്ക് അവസരങ്ങള്‍ ഒരുക്കിക്കൊടുക്കണം. കലാകാരന്‍മാര്‍ പൊതു സ്വത്താണെന്ന ബോധം ഇനിയും അംഗീകരിച്ചുകിട്ടണം. കലോത്സവമായി ബന്ധപ്പെട്ട് നടക്കുന്ന അനാവശ്യ വീറും വാഷിയും വെടിഞ്ഞ് യഥാര്‍ത്ഥകലകള്‍ ഉയര്‍ന്നുവരേണ്ട കാലമാണ് മുന്നിലുള്ളതെന്നും ഇദ്ദേഹം പറയുന്നു.

chandrika: