X

ലഡാക്ക് പിടിക്കാന്‍ ചൈന കയ്യേറ്റ ശ്രമം ഇന്ത്യ തടഞ്ഞു

 
ന്യൂഡല്‍ഹി: ദോക്‌ലാ മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ലഡാക് മേഖലയിലെ പാന്‍ഗോങ് തടാകത്തിന്റെ തീരത്തുള്ള അതിര്‍ത്തിയില്‍ അതിക്രമിച്ചു കടക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യന്‍ സൈന്യം തടഞ്ഞു. പരസ്പരമുണ്ടായ കല്ലേറില്‍ ഇരുവിഭാഗത്തുമുള്ള സൈനികര്‍ക്ക് നേരിയ പരുക്ക് പറ്റിയെന്നാണ് റിപ്പോര്‍ട്ട്. രാവിലെ ആറ് മണിക്കും ഒന്‍പത് മണിക്കും ഇടയില്‍ രണ്ടു തവണയാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ) അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത്. ഫിംഗര്‍ 4, ഫിംഗര്‍ 5 എന്നിവിടങ്ങളിലാണ് ചൈനയുടെ അതിക്രമം ഉണ്ടായത്. രണ്ടു തവണയും ഇന്ത്യന്‍ സൈന്യം കൃത്യമായി പ്രതികരിച്ചതിനാല്‍ ചൈനീസ് സൈന്യത്തിന് മേഖലയില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. ചൈനീസ് സൈന്യത്തിന്റെ വഴി മനുഷ്യമതില്‍ തീര്‍ത്താണ് ഇന്ത്യന്‍ സൈന്യം തടഞ്ഞത്. ഇതേതുടര്‍ന്ന് ചൈനീസ് സൈനികര്‍, ഇന്ത്യന്‍ സൈനികര്‍ക്കു നേരെ കല്ലേറ് നടത്തി. ഇന്ത്യയും അതേനാണയത്തില്‍ തിരിച്ചടിച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കി. പിന്നീട് ഇരുവിഭാഗവും പരസ്പര ഏറ്റുമുട്ടല്‍ നിര്‍ത്തുന്നതിന് സൂചന നല്‍കുന്ന ബാനര്‍ ഡ്രില്‍ നടത്തി പഴയ സ്ഥാനത്തേക്ക് തിരികെ പോവുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തര്‍ക്കമേഖലയിലാണു പ്രസിദ്ധമായ പാന്‍ഗോങ് തടാകം സ്ഥിതി ചെയ്യുന്നത്. നിയന്ത്രണരേഖ കടന്നുപോകുന്നതു തടാകത്തിലൂടെ. നിയന്ത്രണരേഖയില്‍ നിന്ന് 20 കി.മീ കിഴക്ക് ഇന്ത്യ അവകാശപ്പെടുന്ന ഭാഗം ചൈനീസ് നിയന്ത്രണത്തിലാണ്. തടാകത്തിന്റെ കിഴക്കേ അറ്റം ടിബറ്റില്‍. ഈ ഭാഗത്തിനുമേല്‍ ഇന്ത്യ അവകാശവാദം ഉന്നയിക്കുന്നില്ല. തടാകത്തിന്റെ പടിഞ്ഞാറേ അറ്റത്തെച്ചൊല്ലിയും തര്‍ക്കമില്ല. ലഡാക്കില്‍ സ്ഥിതിചെയ്യുന്ന പാന്‍ഗോങ് തടാകത്തിന്റെ 45 കിലോമീറ്റര്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലും 90 കിലോമീറ്റര്‍ ചൈനീസ് പക്ഷത്തുമാണ്. ദോക്‌ലായെ ചൊല്ലി ജൂണ്‍ 16ന് ആണ് ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം വീണ്ടും സജീവമായത്. ഇന്ത്യയും ഭൂട്ടാനും ചൈനയും ചേരുന്ന ട്രൈജംക്ഷനിലാണ് ഇപ്പോള്‍ പ്രശ്‌നം. ദോക്‌ലായില്‍ ചൈന റോഡു നിര്‍മിക്കാന്‍ തീരുമാനിച്ചതായിരുന്നു കാരണം. അതിര്‍ത്തിയിലെ തല്‍സ്ഥിതി ലംഘിച്ചതു ചൈനയാണെന്നാണ് ഇന്ത്യ കുറ്റപ്പെടുത്തുന്നത്. എന്നാല്‍, ഇന്ത്യന്‍ സൈന്യമാണ് അതിര്‍ത്തി ലംഘിച്ചതെന്നാണ് ചൈനയുടെ ആരോപണം. സംഘര്‍ഷത്തെ തുടര്‍ന്ന് ഇരു സൈനിക വിഭാഗവും അതിര്‍ത്തിയില്‍ സാന്നിധ്യം വര്‍ധിപ്പിച്ചിരിക്കുകയാണ്. അതിനിടെയാണ് ലഡാക്കിലും ചൈനീസ് അതിക്രമം ഉണ്ടായത്.

chandrika: