X
    Categories: Views

കള്ളന് കഞ്ഞിവെക്കുന്ന കേന്ദ്ര സര്‍ക്കാര്‍

ലോകം കണ്ട ഏറ്റവും വലിയ കുംഭകോണം യുദ്ധവിമാനങ്ങളുടെ അവിഹിത ഇടപാടിലൂടെ പുറത്തുവന്നതിനോടൊപ്പം തന്നെയാണ് കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ വിജയ്മല്യ എന്ന കൊടും കുറ്റവാളിക്ക് രാജ്യം വിടാന്‍ ഒത്താശ ചെയ്തുവെന്ന വാര്‍ത്തകളും പുറത്തുവന്നിരിക്കുന്നത്. കിങ്ഫിഷര്‍ വ്യവസായ സ്ഥാപന ഉടമയും ബി.ജെ.പി മുന്‍ രാജ്യസഭാംഗവുമായ മല്യയുടെ പാര്‍ട്ടി ബന്ധം മുമ്പുതന്നെ സുവ്യക്തമായിരുന്നെങ്കിലും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുനടത്തി രാജ്യംവിട്ട ഇയാള്‍ക്ക് അതേ ബി.ജെ.പി സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്തുകൊടുത്തതായി മല്യ തന്നെയാണിപ്പോള്‍ ലോകത്തിനു മുമ്പാകെ വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവുംവലിയ അന്വേഷണ ഏജന്‍സിയായ സി.ബി.ഐയെ പ്രധാനമന്ത്രിയും കൂട്ടരും ഇതിനുവേണ്ടി ദുരുപയോഗപ്പെടുത്തിയതായാണ് വിവരം.ലണ്ടനില്‍ ഒളിവില്‍ കഴിയുന്ന വിജയ്മല്യ താന്‍ ഇന്ത്യ വിടുന്നതിനുമുമ്പ് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ നേരില്‍ കണ്ടതായി കഴിഞ്ഞയാഴ്ചയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായി വിശേഷിപ്പിക്കപ്പെടുന്ന പാര്‍ലമെന്റ് മന്ദിരത്തില്‍വെച്ചായിരുന്നു ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് മല്യ അവകാശപ്പെട്ടത്. എന്നാല്‍ ഇത് രായ്ക്കുരാമാനം നിഷേധിക്കാന്‍ തയ്യാറായ മന്ത്രി ജെയ്റ്റ്‌ലിയുടെ വാദം പക്ഷേ വിചിത്രമായിരുന്നു. മുന്‍കൂട്ടി തീരുമാനിച്ചതു പ്രകാരമായിരുന്നില്ല കൂടിക്കാഴ്ച എന്നായിരുന്നു മന്ത്രിയുടെ ന്യായീകരണം. ഇത് തെളിയിക്കുന്നത് പ്രധാനമന്ത്രിയുടെ അടുത്ത വിശ്വസ്ഥനായ ജെയ്റ്റ്‌ലിയുടെ കൂടിക്കാഴ്ച പ്രധാനമന്ത്രിക്കുകൂടി വേണ്ടിയായിരുന്നുവെന്നാണ്.

രാജ്യത്തെ 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് മല്യക്ക് വ്യവസായി എന്ന നിലയില്‍ ആറായിരം കോടി വായ്പ അനുവദിച്ചത്. ഇത് തരപ്പെടുത്തിക്കൊടുത്തതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരും പ്രത്യേകിച്ച് കേന്ദ്ര ധനകാര്യമന്ത്രിയുമായിരുന്നുവെന്നതിന് നേരത്തെതന്നെ തെളിവുകളുണ്ടായിരുന്നു. വായ്പ തിരിച്ചടക്കാതെ ഒന്‍പതിനായിരം കോടിയുടെ ബാധ്യതയാണ് മല്യ വരുത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള പൊതുമേഖലാ ബാങ്കുകളാണ് ഇത്രയും വലിയ തുക വായ്പയായി വിവാദ വ്യവസായിക്ക് കൊടുത്തത്. ഇതില്‍ ഒന്നാം സ്ഥാനത്ത് ബാങ്ക് കണ്‍സോര്‍ഷ്യത്തിന്റെ തലപ്പത്തിരിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. ഇവര്‍ മാത്രം നല്‍കിയത് 1,600 കോടിയാണ്. അടുത്തിടെയാണ് മോദി സര്‍ക്കാര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ രാജ്യത്തെ മറ്റ് പൊതുമേഖലാബാങ്കുകളെ ലയിപ്പിച്ച് കുത്തകയാക്കിയത്. വന്‍ മുതല്‍മുടക്കും നിക്ഷേപവും ലാക്കാക്കി ഇത്തരം വ്യവസായികള്‍ക്ക് യഥേഷ്ടം പണം വായ്പയായും മറ്റും അനുവദിക്കുകയും പിന്നീട് അവരെ രക്ഷപ്പെടാന്‍ സഹായിക്കുകയുമാണ് കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ഗൂഢലക്ഷ്യമെന്ന തിരിച്ചറിവാണ് രാജ്യത്തെ ജനങ്ങള്‍ക്കിപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ വിറളിപിടിച്ച പോത്തിന്റെ ഗതിയാണിപ്പോള്‍ കേന്ദ്ര ഭരണകക്ഷിക്ക്.

വായ്പാതിരിച്ചടവ് മുടക്കിയശേഷം രക്ഷപ്പെടാനായി കേന്ദ്രസര്‍ക്കാരിലെ ഉന്നതരെ സമീപിക്കുകയായിരുന്നു മല്യ. എന്നാല്‍ ഇതുസംബന്ധിച്ച് മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതോടെ നിയമമനസരിച്ച് നടപടിയുമായി മുന്നോട്ടുപോകാന്‍ സ്റ്റേറ്റ് ബാങ്ക് നിര്‍ബന്ധിതമാകുകയായിരുന്നു. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ വിജയ് മല്യ അറസ്റ്റിലാകേണ്ട ഘട്ടം വന്നപ്പോഴാണ് തങ്ങളുടെ കൂടി സഹായവിവരം പുറത്തുവരുമെന്ന ഭയത്താല്‍ മല്യക്ക് രാജ്യം വിടാന്‍ മോദി സര്‍ക്കാര്‍ സൗകര്യമൊരുക്കിയതെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ബാങ്ക് ഉന്നതോദ്യോഗസ്ഥരാണ് മല്യക്ക് ഇത്രയും വലിയ തോതില്‍ വായ്പ നിയമംലംഘിച്ച് അനുവദിച്ചതെന്നാണ് സി.ബി.ഐ കണ്ടെത്തിയിട്ടുള്ളത്. അനുവദിച്ച ആവശ്യത്തിനല്ലാതെ മറിച്ച് വായ്പ ഉപയോഗിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. ഉദ്യോഗസ്ഥരുടെമേല്‍ കുറ്റംകെട്ടിവെച്ച് തലയൂരാന്‍ കേന്ദ്ര സര്‍ക്കാരിനും വിശിഷ്യാ പ്രധാനമന്ത്രിക്കും അദ്ദേഹവുമായി അടുപ്പമുള്ളവര്‍ക്കും കഴിയില്ല. അടുത്ത മാസത്തോടെ മല്യയെ വിട്ടുകിട്ടാനും കുറ്റപത്രം സമര്‍പ്പിക്കാനുമാണ് സി.ബി.ഐ തയ്യാറെടുക്കുന്നതെന്നാണ് വിവരം. ഗത്യന്തരമില്ലാതെയായിരിക്കണം മല്യ മോദിയെ ഇപ്പോള്‍ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. രാജ്യം വിടുന്നതിന് തൊട്ടുമുമ്പ് സി.ബി.ഐ ഇറക്കിയ ലുക്ക്ഔട്ട് നോട്ടീസില്‍ പ്രതി രാജ്യം വിടുന്നത് തടയുക എന്നായിരുന്നത് തിരുത്തി രാജ്യം വിടുന്നെങ്കില്‍ അറിയിക്കുക എന്നാക്കി മാറ്റിയത് എന്തിന്, ആരുടെ താല്‍പര്യത്തിന് എന്നതാണ് ഇപ്പോഴുയര്‍ന്നിരിക്കുന്ന ഒന്നാം നമ്പര്‍ ചോദ്യം. അപ്പോള്‍ ജെയ്റ്റ്‌ലിക്കും രാഹുല്‍ ഗാന്ധി ആരോപിച്ചതുപോലെ പ്രധാനമന്ത്രി മോദിക്കുതന്നെയും തട്ടിപ്പില്‍ പങ്കുണ്ടെന്ന സത്യം പുറത്തുവരികയാണ്. ആദ്യ നോട്ടീസ് പ്രകാരം മല്യയെ തടഞ്ഞുവെക്കാന്‍ നിയമപരമായി കഴിയാതിരുന്നതിനാലാണ് നോട്ടീസില്‍ തിരുത്തല്‍ വരുത്തിയതെന്നാണ് സി.ബി.ഐയുടെ കഴിഞ്ഞ ദിവസത്തെ വിശദീകരണം. ഇതിനു പിന്നിലും കേന്ദ്ര സര്‍ക്കാരിന്റെ കറുത്ത കൈകള്‍ ഉണ്ടെന്ന് സംശയിക്കണം. പ്രധാനമന്ത്രിയുടെ അടുപ്പക്കാരനും ഗുജറാത്തുകാരനുമായ സി.ബി.ഐ ജോ.ഡയറക്ടര്‍ എ.കെ ശര്‍മയാണ് സി.ബി.ഐ ഡയറക്ടറെ മറികടന്ന് ഇത്തരമൊരു തിരുത്തല്‍ വരുത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുമ്പോള്‍ അതിനെ അവിശ്വസിക്കുന്നതെങ്ങനെ. ചോക്‌സി, നീരവ് മോദി എന്നീ വന്‍കിട ബാങ്ക് വായ്പാതട്ടിപ്പുകാരുടെ മുങ്ങലിലും ഭരണത്തിലെ ഉന്നതര്‍ക്കുള്ള പങ്ക് വെളിച്ചത്തുവരികയാണ്. പട്ടിണിക്കാരുടെയും സാധാരണക്കാരുടെയും വര്‍ഗീയതയുടെയും മറവില്‍ കള്ളന്മാര്‍ക്ക് കഞ്ഞിവെക്കുന്ന ജോലിയാണിത്. താന്‍ വ്യവസായികള്‍ക്ക് സഹായം ചെയ്യുന്നതിലെന്താണ് തെറ്റെന്ന മോദിയുടെ ചോദ്യത്തിന് ഇത്തരം വലിയ അര്‍ത്ഥതലങ്ങളാണുള്ളത്.

126 റഫേല്‍ യുദ്ധ വിമാനങ്ങളുടെ കാര്യത്തിലും ഇതേപോലുള്ള അഴിമതിയാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയതെന്ന് മുന്‍ യു.പി.എ സര്‍ക്കാരിലെ പ്രതിരോധ മന്ത്രിയായിരുന്ന എ.കെ ആന്റണി ആരോപിക്കുകയുണ്ടായി. എണ്ണം ഗണ്യമായി വെട്ടിക്കുറച്ച് 36 ആക്കിയാണ് വലിയ തുക കൊടുത്ത് വിമാനങ്ങള്‍ വാങ്ങിയത്. ഇതിനുപിന്നിലും മറ്റൊരു വിവാദ വ്യവസായി അനില്‍ അംബാനിയുടെ പങ്ക് വെളിച്ചത്തുവന്നിട്ടുണ്ട്. മൂന്നിരട്ടി വില കൂട്ടിയാണ് യു.പി.എ സര്‍ക്കാര്‍ തീരുമാനിച്ച കരാര്‍ സ്വകാര്യ ഏജന്‍സിയെകൊണ്ട് വാങ്ങിപ്പിച്ചത്. 570 കോടിയാണ് യു.പി.എ സര്‍ക്കാര്‍ നിശ്ചയിച്ചതെങ്കില്‍ ബി.ജെ.പി സര്‍ക്കാറത് 1670 കോടിയാക്കി മാറ്റി. മൊത്തം 40,000 കോടി രൂപയുടെ അഴിമതിയാണ് നടത്തിയത്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറനോട്ടിക്‌സ് ലിമിറ്റഡിനെ മറികടന്നാണ് മോദി സര്‍ക്കാര്‍ വന്‍തുക കൊടുത്ത് യുദ്ധ വിമാനങ്ങള്‍ വാങ്ങിയത്. അപ്പോള്‍ മോദി ആലപിക്കുന്ന ‘മെയ്ക് ഇന്ത്യ’ -യെ അദ്ദേഹം തന്നെ പരിഹസിക്കുകയല്ലേയെന്ന ചോദ്യം പ്രസക്തമാണ്. സമ്പദ്ഘടനയെയും രാജ്യസുരക്ഷയെയും ബലിയാടാക്കുന്ന മോദി സര്‍ക്കാരിന്റെ നടപടികള്‍ക്ക് ജനത വലിയ തിരിച്ചടി നല്‍കുമെന്ന് മാത്രമേ ഇപ്പോള്‍ പറയാനുള്ളൂ.

chandrika: