X

ചന്ദ്രിക പാലക്കാട് -കോയമ്പത്തൂര്‍ എഡിഷന്‍ 23ന് നിലവില്‍ വരും; പ്രളയ ദുരിതാശ്വാസത്തിനു കൈകോര്‍ക്കാന്‍ ഉദ്ഘാടന പരിപാടികള്‍ ഒഴിവാക്കി

കോഴിക്കോട്: നൂറ്റാണ്ടിനിടയിലെ മഹാപ്രളയത്തെതുടര്‍ന്നുള്ള ദുരിതാശ്വാസത്തിനായി എല്ലാ പൊതുപരിപാടികളും മാറ്റിവെച്ച് കേരളജനത ഒന്നടങ്കം കൈകോര്‍ത്ത് നാടിന്റെ സര്‍വ പ്രവര്‍ത്തനങ്ങളും കേന്ദ്രീകരിക്കുന്നതിനാല്‍ ചന്ദ്രിക പാലക്കാട് കോയമ്പത്തൂര്‍ എഡിഷന്‍ മുന്‍ നിശ്ചിത ഉദ്ഘാടന ചടങ്ങുകളൊഴിവാക്കി ആഗസ്റ്റ് 23ന് നിലവില്‍വരും.

വ്യാഴാഴ്ച നാല് മണിക്ക് പാണക്കാട്ട് നടക്കുന്ന അതീവ ലളിതമായ ചടങ്ങില്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ചന്ദ്രിക പതിമൂന്നാമത് എഡിഷന്‍ സമര്‍പ്പണം നിര്‍വഹിക്കും. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉള്‍പ്പെടെ ദേശീയ, സംസ്ഥാന ഭാരവാഹികളും ചന്ദ്രിക ബന്ധുക്കളും പാണക്കാട്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കും.

നേരത്തെ 15ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടന പരിപാടി മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ 23 ലേക്ക് മാറ്റിയതായിരുന്നു. അതിനിടെയാണ് പരശ്ശതം പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും അനേക ലക്ഷങ്ങളെ ഭവന രഹിതരാക്കുകയും വന്‍ നാശനഷ്ടങ്ങള്‍ വിതക്കുകയും ചെയ്ത് നാടെങ്ങും മഹാപ്രളയത്തിലാഴ്ന്നത്.

ഇനിയുള്ള മുഴുവന്‍ ശ്രദ്ധയും ദുരിതാശ്വാസ,പുനരധിവാസ പ്രവര്‍ത്തനങ്ങളിലായിരിക്കണമെന്നും, അല്‍പമെങ്കിലും സാമ്പത്തിക ചെലവ് വരുന്ന എല്ലാതരം സംഘടനാ പരിപാടികളും പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്‍കൈ എടുക്കുന്ന മറ്റു പരിപാടികളും വെട്ടിച്ചുരുക്കി ദുരിതാശ്വാസയജ്ഞത്തില്‍ കര്‍മനിരതരാകണമെന്നുമുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിപുലമായും ജനപങ്കാളിത്തത്തോടെയും നടത്താനിരുന്ന ചന്ദ്രിക എഡിഷന്‍ ഉദ്ഘാടന പരിപാടി പൂര്‍ണമായും ഒഴിവാക്കിയത്. ഇത്തരം പരിപാടികള്‍ക്കായി ചെലവ് വരുന്ന തുക പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിനിയോഗിക്കുമെന്നും ചടങ്ങിലേക്ക് നേരത്തെ ക്ഷണിക്കപ്പെട്ടിരുന്ന അതിഥികളും അഭ്യുദയകാംക്ഷികളും പത്ര ബന്ധുക്കളും പരിപാടി മാറ്റത്തിന്റെ പ്രത്യേക സാഹചര്യം ഉള്‍ക്കൊള്ളുമെന്നും ചന്ദ്രിക മാനേജിങ് ഡയരക്ടര്‍ കൂടിയായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇനിയുള്ള ദിവസങ്ങള്‍ ആഘോഷങ്ങള്‍ക്കും വിപുലമായ പൊതുപരിപാടികള്‍ക്കും അവധി നല്‍കി നാടിന്റെ പുനര്‍നിര്‍മാണ ദൗത്യത്തില്‍ വ്യാപൃതരാകണമെന്നും തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

chandrika: