X

മാലിക്ക്; കമ്മ്യൂണിസ്റ്റ് ഭീകരതയുടെ നിലക്കാത്ത വെടിയൊച്ച

ലുഖ്മാന്‍ മമ്പാട്

‘നന്മണ്ട പന്ന്യംവള്ളി വാര്യത്തായിരുന്നു ഡോ.പി.കെ വാരിയരുടെ ജനനം. വളരെ ചെറുപ്പത്തില്‍ തന്നെ പിറന്ന നാട് വിടേണ്ടി വന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തിരുവിതാംകൂറില്‍ അഭയം നേടി.’ പറയുന്നത് പി.കെ വാര്യരുടെ ചരമ വാര്‍ത്തയോടെ ഇറങ്ങിയ 2021 ജൂലൈ 11 ലെ ദേശാഭിമാനി. 1799ല്‍ മരിച്ച ടിപ്പുസുല്‍ത്താന്റെ പടയോട്ടത്തില്‍ ഒന്നേകാല്‍ നൂറ്റാണ്ടിനിപ്പുറം 1921ല്‍ ജനിച്ച പി.കെ വാര്യര്‍ നാടുവിട്ടോടിയതിന്റെ ലോജിക്കൊന്നും ചോദിക്കരുത്. ഇസ്്ലാമോഫോബിയക്കാരുടെ ദക്ഷിണേന്ത്യയിലെ പ്രധാന ആയുധമായ ടിപ്പുവിനെ വരെ സദാമൂര്‍ച്ച കൂട്ടി എറിയുന്ന പരുവത്തിലേക്ക് അവശിഷ്ട കേരള കമ്മ്യൂണിസ്റ്റുകള്‍ മാറി. ചരിത്രത്തെയും വര്‍ത്തമാനത്തെയും ഒരു പോലെ തങ്ങള്‍ക്കനുകൂലമായി പടച്ചുണ്ടാക്കാന്‍ വിരുതുള്ള കുറെ സാഹിത്യ സിനിമാ ബുദ്ധിജീവികളുടെ കരാള ഹസ്തത്തിലാണ് കേരള രാഷ്ട്രീയമെന്നത് പലര്‍ക്കും ബോധ്യപ്പെട്ടു വരുന്നേയൊള്ളൂ. ഇ സമം എം.സി സ്‌ക്വയര്‍ പോലെ അധികാരത്തിലെ ചുവപ്പും മങ്ങിയ ചുവപ്പുമായുളള ഫാഷിസ്റ്റുകള്‍ കൈകോര്‍ക്കുമ്പോഴുളള പ്രഹര ശേഷിക്കു മുമ്പില്‍ എതിര്‍ ശബ്ദങ്ങള്‍ നിഷ്പ്രഭമാകുന്നു.

കൊളളയിലും കൊലയിലും നേരിട്ടു നേതൃത്വം നല്‍കി രാജ്യത്ത് ഒന്നാം നമ്പര്‍ മാഫിയ ഭരണകൂടമായ ഒന്നാം പിണറായി സര്‍ക്കാറിനെ വെളുപ്പിച്ചെടുത്ത മേല്‍പറഞ്ഞ ക്യാപ്സൂള്‍ ഫാക്ടറി ന്യൂനപക്ഷത്തെ പേടിപ്പിച്ചും ഭൂരിപക്ഷത്തെ പ്രീണിപ്പിച്ചും നേടിയ തുടര്‍ ഭരണത്തോടെ സത്യാനന്തര നിര്‍മ്മിതി പുതിയ തലത്തിലെത്തിയതിന്റെ വിസ്ഫോടനമാണ് മാലിക്. വംശവെറിയിലിധിഷ്ടിതമായ ഭരണകൂട ഭീകരതയുടെ നേര്‍സാക്ഷ്യമായ ബീമാപ്പള്ളി വെടിവെപ്പും കൂട്ടക്കുരുതിയും നടന്ന് ഒരു വ്യാഴവട്ടം പിന്നിടുമ്പോള്‍ മഹേഷ് നാരായണന്‍-ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ അതേ ഇരകളെ ഭീകരരും തെമ്മാടികളുമാക്കി ‘മാലിക്ക്’ എന്ന പേരില്‍ സിനിമ പുറത്തു വരുന്നത്. ഇതൊരു കല്പിത കഥയാണെന്നും ഏതെങ്കിലും വ്യക്തിയുടെയോ സമുദായത്തിന്റെയോ വികാരം വ്രണപ്പെടുത്തുക ഉദ്ദേശ്യമല്ലെന്നും അണിയറക്കാര്‍ മുന്‍കൂര്‍ ജാമ്യമായി തുടക്കത്തില്‍ തന്നെ എഴുതിക്കാണിക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ പകല്‍പോലെ വ്യക്തമാണ്; ബദരി കടപ്പുറമാണ് ചെറിയ തുറ, റമദ പള്ളി ബീമാപ്പള്ളിയും. സുലൈമാന്‍ മാലിക് നായകനല്ല; പ്രതിനായകനാണ്.

ബീമാപളളിയില്‍ സംഭവിച്ചത്

2009 മെയ് 16ന് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നു. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. 19 എം.പിമാരില്‍ നിന്ന് നാലിലേക്ക് എല്‍.ഡി.എഫ് കൂപ്പുകുത്തിയപ്പോഴും മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്‍ നിഗൂഢമായി ചിരിച്ചു. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും നിന്നു വിയര്‍ത്തു. പിറ്റേന്ന് ബീമാപ്പള്ളിയില്‍ നിരായുധരായ ജനക്കൂട്ടത്തിന് നേരെ മുന്നറിയിപ്പൊന്നുമില്ലാതെ പൊലീസ് നിറയൊഴിക്കുന്നു. 40 റൗണ്ട് ഗ്രനേഡും 70 റൗണ്ട് വെടിയുമുതിര്‍ത്തപ്പോഴേക്കും വെടിക്കോപ്പ് തീര്‍ന്നു. പിന്നെ, പിന്തിരിഞ്ഞോടുന്നവരെ പിന്തുടര്‍ന്ന് ലാത്തിയും തോക്കും കൊണ്ടും പൊലീസ് തല്ലിച്ചതച്ചു. ആറു പേര്‍ കൊല്ലപ്പെട്ടു. വെടിയേറ്റു വീണ ഒരാളെ തോക്കുകൊണ്ട് തല്ലിയാണ് പൊലീസ് കൊന്നത്. 56 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ 27 പേരില്‍ പലരും പിന്നീട് മരിച്ചു; ജീവഛവമായ പലരും ജീവിക്കാന്‍ കഷ്ടപ്പെടുന്നു.

സാമുദായിക ലഹള അടിച്ചമര്‍ത്തിയ പൊലീസ് കടപ്പുറത്ത് ഗത്യന്തരമില്ലാതെ വെടിവെച്ചുവെന്ന് ഭരണ കക്ഷിയും പൊലീസും കഥ മെനഞ്ഞു. മുഖ്യധാരാ മാധ്യമങ്ങളില്‍ മിക്കതും അതേറ്റുപാടി. വെടിവെച്ചില്ലായിരുന്നുവെങ്കില്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിക്കപ്പെടുമായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. ചെറിയതുറയില്‍ അങ്ങനെയൊരു സാധ്യത ഉണ്ടായിട്ടില്ലെന്ന് പള്ളി അധികാരികള്‍ തന്നെ പിന്നീട് പരസ്യമായി പ്രതികരിച്ചു. ഇടതു പക്ഷത്തിന്റെ ദയനീയ തോല്‍വി മറക്കാന്‍ പൊടിപ്പും തുങ്ങലും വെച്ച് എ.കെ.ജി സെന്ററില്‍ നിന്നുള്ള ക്യാപ്സൂളുകള്‍ പത്രങ്ങളില്‍ വാരി വിതറി. മുസ്ലിംലീഗും ചില സാമുദായിക സംഘടനകളും ഒഴികെ ആരും നിരപരാധികളെ അകാരണമായി നിഷ്‌കരുണം വെടിവെച്ച് കൊന്നതിനെതിരെ പ്രതിഷേധിക്കാന്‍ പോലും മുന്നോട്ടു വന്നില്ല. ഒന്നാമത് അവര്‍ പാവങ്ങളായ കടപ്പുറക്കാര്‍, പിന്നെ മുസ്ലിംകളും. തെമ്മാടികളും കുഴപ്പക്കാരുമെന്ന് മുദ്രകുത്താന്‍ വളരെ എളുപ്പം; മാലിക്കില്‍ ഉപയോഗിച്ച അതേ തന്ത്രം.

അറേബ്യയില്‍ നിന്നെത്തിയ ശഹീദ് മാഹിന്‍ അബൂബകറും ഉമ്മ ബീമ ബീവിയും കൈവരുത്തിയതാണ് ബീമാപള്ളിയുടെ ഖ്യാതി. ദക്ഷിണേന്ത്യയിലാകെ ആതുരസേവനവുമായി ചുറ്റിത്തിരിഞ്ഞ അവരിലൂടെ ആയിരങ്ങള്‍ മാനസികവും ശാരീരികവുമായ ആരോഗ്യം നേടിയെന്നതാണ് ചരിത്രം. പര്യടനത്തിന്റെ അവസാനം തിരുവിതാംകൂറിലെത്തി തിരുവല്ലത്ത് താമസമാക്കി. ദലിതുകള്‍ കൂട്ടത്തോടെ ഇവരിലേക്ക് ആകൃഷ്ടരായി. ഇരുവരുടെയും മരണ ശേഷം ബീമാപള്ളി കേന്ദ്രീകരിച്ച് മുസ്ലിം വിഭാഗം താമസമാക്കി. ബീമാപള്ളിയിലെ മാനസിക ചികിത്സയും വര്‍ഷത്തിലുള്ള ഊറൂസ് ചരമവാര്‍ഷികാചരണവുമെല്ലാം മത-ജാതി-വര്‍ഗ-വര്‍ണ്ണ വേര്‍തിരിവുകള്‍ക്കപ്പുറം സ്വീകാര്യത നേടി. 2009 ലും പതിവുപോലെ ഉറൂസിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു.

ബീമാപ്പള്ളി ഭാഗത്ത് മുസ്ലിംകളും ചെറിയതുറ ഭാഗത്ത് ലത്തീന്‍ കത്തോലിക്കരും തിങ്ങിപ്പാര്‍ക്കുന്നു. വലിയതുറ പൂന്തുറ റോഡിലുള്ള ബീമാപള്ളി പ്രദേശത്തെയും ചെറിയതുറയെയും വേര്‍തിരിക്കുന്നത് ബീച്ചിലേക്കുള്ള റോഡാണ്. ഇരുവിഭാഗവും കടലിനെ ആശ്രയിച്ച് ജീവിതമാര്‍ഗം കണ്ടെത്തുന്നവരാണ്. പട്ടിണിപാവങ്ങളായ ഇരു വിഭാഗവും തമ്മില്‍ അന്നും ഇന്നും ശത്രുതയിലല്ല. സംഭവത്തിന് ഏതാനും ദിവസം മുമ്പ് കൊമ്പന്‍ ഷിബുവെന്ന കഞ്ചാവ് വില്‍പ്പനക്കാരന്‍ കൂടിയായിരുന്ന ഗുണ്ട ചെറിയ തുറയില്‍ നിന്ന് മദ്യപിച്ച് ബീമാപ്പള്ളിയിലെത്തി ഉത്തരേന്ത്യന്‍ മോഡല്‍ ഗുണ്ടാ പിരിവിന് ശ്രമിക്കുന്നു. എയ്ഡ്‌സ് രോഗിയെന്ന് സ്വയം പ്രഖ്യാപിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയായിരുന്നു ഗുണ്ടാപിരിവ്. ഇതിനെ എതിര്‍ത്ത ജനങ്ങളും കൊമ്പന്‍ ഷിബുവും തമ്മില്‍ കയ്യാങ്കളി നടക്കുന്നു. നേരത്തെ തന്നെ ചെറിയതുറ ഇടവക ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു. സമുദായവുമായി ഒരു ബന്ധവുമില്ലെങ്കിലും വെറും ഗുണ്ടയായ ഇളാള്‍ക്ക് പൊലീസില്‍ നല്ല പിടിപാടുണ്ടായിരുന്നു. താനും സംഘവും ബീമാനപള്ളി ഉറൂസ് മുടക്കുമെന്ന ഷിബുവിന്റെ ഭീഷണിയെ തുടര്‍ന്ന് ജമാഅത്ത് പ്രസിഡണ്ട് എന്‍.വി അസീസും വാര്‍ഡ് കൗണ്‍സിലറും മുസ്്‌ലിംലീഗ് നേതാവുമായ ബീമാപ്പള്ളി റഷീദും നിരവധി തവണ പൂന്തുറ സി.ഐക്ക്് പരാതി നല്‍യിട്ടും ഒരു നടപടിയുമെടുത്തില്ല. നേതാക്കള്‍ വിഷയം ജില്ലാ കലക്ടറെ അറിയിച്ചെങ്കിലും അനങ്ങിയില്ല.

എന്നാല്‍, നിയമവാഴ്ചയെ വെല്ലുവിളിച്ച് ഷിബുലും സംഘവും ബീമാപള്ളിയിലേക്കുള്ള ബസ്സുകള്‍ തടയാന്‍ ശ്രമിച്ചു. ജനങ്ങള്‍ ഇതു ചോദ്യം ചെയ്തതോടെ സ്ഥലത്തെത്തിയ പൊലീസ് ടിയര്‍ഗ്യാസ്, ജലപീരങ്കി, ലാത്തിച്ചാര്‍ജ്ജ് തുടങ്ങിയ ഒരു മുന്നറിയിപ്പുപോലുമില്ലാതെ നേരിട്ട് ജനങ്ങളിലേക്ക് നിറയൊഴിക്കുകകയായിരുന്നു. റബ്ബര്‍ ബുള്ളറ്റോ, മുട്ടിനു താഴെ വെടിവെക്കണമെന്ന നിര്‍ദേശമോ ഓര്‍ത്തതുപോലുമില്ല. ജില്ലാ കലക്ടറുടേയും തഹസില്‍ദാറുടെ പോലും അനുമതി തേടാതെ കരുതിക്കൂട്ടി നടത്തിയ വെടിവെപ്പ് ഭരണകൂട പിന്തുണയോടെ നടന്ന പൊലീസ് ഭീകരത മാത്രമാണ്. സെക്രട്ടേറിയറ്റിന് 13 കിലോമീറ്റര്‍ അപ്പുറം പൊലീസിന്റെ ഈ ഓപ്പറേഷന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഡി.ജി.പിയുമൊന്നും അറിയാതെയല്ല. ഗുണ്ടാപിരിവ് സംബന്ധിച്ചുണ്ടായ സംഘര്‍ഷത്തിലെ പ്രതികളെ അറസ്റ്റുചെയ്യാമെന്ന് ജില്ലാ കലക്ടറും എ.ഡി.ജി.പിയും സമ്മതിച്ചിട്ടും രണ്ടു ദിവസത്തിനുശേഷമാണ് ഷിബു അടക്കമുള്ളവരെ അറസ്റ്റുചെയ്തതെന്നും ഇത് വലിയതുറ പൊലീസിന്റെയും പൂന്തുറ പൊലീസിന്റെയും വീഴ്ചയാണെന്നും യഥാര്‍ത്ഥ കാരണം ഈ അലംബാവമാണെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് തന്നെ പറയുന്നു. എന്നാല്‍, ഗുണ്ട ഷിബുവിന് എതിരായ രണ്ട് കേസുകള്‍ എഴുതിതള്ളിയും പൊലീസിനെതിരായ കേസ് പിന്‍വലിക്കാന്‍ കോടതിയെ സമീപിച്ചുമെല്ലാം രഹസ്യമായി പിന്നീടും പലതും സര്‍ക്കാര്‍ ചെയ്തു.

ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ മൊഴിനല്‍കിയിട്ടും ഇത്രയും ഹീനമായ പൊലീസ് ഭീകരതക്ക് ചുക്കാന്‍ പിടിച്ച അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ സിജി സുരേഷ് കുമാര്‍ ഉള്‍പ്പെടെ ഒരു പൊലീസുകാരനും ശിക്ഷിക്കപ്പെട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ പിന്നീട് പ്രഖ്യാപിച്ച ജില്ലാ ജഡ്ജി കെ.രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പോലും പതിറ്റാണ്ടിലേറെയായി വെളിച്ചം കണ്ടിട്ടില്ല. വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും ആശ്രിതര്‍ക്ക് ജോലിയും നല്‍കിയെങ്കിലും തുച്ചമായ തുക ലഭിച്ച പരിക്കേറ്റവര്‍ ഇപ്പോഴും നീതി ലഭിക്കാതെ അലയുകയാണ്. കലാപത്തിന് കാരണക്കാരനായ കൊമ്പന്‍ ഷിബു ഏതാനും വര്‍ഷം മുമ്പ് മരിച്ചെങ്കിലും യഥാര്‍ത്ഥ വില്ലന്മാര്‍ അധികാര സ്ഥാനങ്ങളില്‍ പാവങ്ങളുടെ ചോരകൊണ്ട് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുന്നു.

മാലിക്കിലെ വിഷം

കമ്മ്യൂണിസ്റ്റ് ഭരണകൂടവും പൊലീസും ചേര്‍ന്ന് കരുതിക്കൂട്ടി സൃഷ്ടിച്ച കേരളത്തിലെ ഏറ്റവും വലിയ കൂട്ടക്കരുതിയാണ് ബീമാപള്ളിയിലേത്. എന്നിട്ടും അന്നത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ തമസ്‌കരിച്ച് ഐ.യു.ഐ.എഫ് എന്ന സമുദായ പാര്‍ട്ടിയെയും അതിന്റെ നേതാവായ അബൂബക്കര്‍ എം.എല്‍.എയുമാണ് (അന്നത്തെ സ്ഥലം എം.എല്‍.എ വി സുരേന്ദ്രന്‍ പിള്ളയാണ്) പ്രശ്നത്തിലേക്ക് സിനിമ വലിച്ചിഴക്കുന്നത്.
ബീമാപള്ളിയുമായി ബന്ധപ്പെട്ട രേഖകളില്‍ എവിടെയെങ്കിലും പൊലീസിന് നേരെ നാട്ടുകാരുടെ ഭാഗത്തു നിന്ന് വെടിവെപ്പുണ്ടായതായോ അവര്‍ തോക്കുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നതായോ ആരോപണമില്ല. വേണ്ടി വന്നാല്‍ ആയുധമെടുക്കണമെന്ന് ബീമാപ്പള്ളിയിലെ ഒരു നേതാവും പറഞ്ഞിട്ടില്ല; സിനിമയിലെ പഞ്ച് ഡയലോഗാണത്. മാലിക്കില്‍ ബീമാപ്പള്ളിക്കാരാകെ അധോലോക-മാഫിയ സംഘമാണ്. യന്ത്രത്തോക്കുകള്‍ കൊണ്ട് ജില്ലാ കലക്ടറെയും പൊലീസുകാരെയും തിരിച്ചു വെടിവെച്ച് പകരം ചോദിക്കുന്ന ബീമാപ്പള്ളിക്കാരെക്കൊണ്ട് ‘ബോലോ തക്ബീര്‍…’ വിളിപ്പിക്കുന്നതിന്റെ കുടിലത നിസാരമല്ല.

പച്ചക്കൊടിയും തൊപ്പിയും ബാങ്കും നമസ്‌കാരവും ബിരിയാണിയും കള്ളക്കടത്തുകാരനായ സുലൈമാന്‍ മാലിക്കും മാത്രമല്ല, സുനാമിയില്‍ സര്‍വ്വവും തകര്‍ന്നെത്തുന്നവരെ കയറ്റാതെ പള്ളിയടച്ച് കാവലിരിക്കുന്നതുമെല്ലാം ആകസ്മികതയല്ല. രണ്ടാം പ്രളയത്തില്‍ ജാതിയും മതവും നോക്കാതെ കേരളത്തിന്റെ സൈന്യമായ ബീമാപളളിക്കാരെ മുന്നില്‍ നിര്‍ത്തിയാണ് ഇസ്ലാമോഫോബിയയുടെ പിത്തലാട്ടം ആടുന്നതെന്നെങ്കിലും അവരോര്‍ക്കണം. ഇരു പ്രളയകാലത്തും പള്ളികളും ചര്‍ച്ചുകളുമെല്ലാം മതംനോക്കാതെ മനുഷ്യര്‍ക്കായി തുറന്നുകൊടുത്ത നാട്ടിലാണ് 2009ലേതിന് സമാനമായ മറ്റൊരു വെടിവെപ്പായി മാലിക്ക് മാറുന്നത്. ‘പൊലീസുണ്ടാക്കിയ ലഹള; അല്ലാതെ ക്രിസ്ത്യാനികളും മുസ്ലിംകളും തമ്മില്‍ ഇവിടെയൊരു ലഹളയില്ല’ എന്ന് ഒടുവില്‍ ജില്ലാ കലക്ടര്‍ ജോജുവിനെ കൊണ്ട് ഒരൊറ്റ ഡയലോഗിലൂടെ പറയിച്ച് അതുവരെ കെട്ടിപ്പൊക്കിയ വ്യാജ നിര്‍മ്മിതി പൊളിയുമ്പോഴും അന്നത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ മറച്ചു പിടിച്ച് മുസ്ലിം രാഷ്ട്രീയത്തിലേക്കും യു.ഡി.എഫ് എന്ന സൂചനയിലേക്കും ഒരു സമുദായമാകെ കള്ളക്കടത്തുകാരും ആയുധം കൊണ്ട് ഭരണകൂടത്തെ പോലും എതിരിടാന്‍ ശക്തവുമാണെന്ന് കാഴ്ചക്കാരന്റെ ഉപബോധമനസ്സിനെ പറഞ്ഞുവിടുന്നു.

നരകത്തെ കാക്കുന്ന മലക്കിന്റെ പേരാണ് ഇസ്ലാമിക സംജ്ഞയില്‍ മാലിക്ക്. മുസ്്ലിംകള്‍ക്ക് ഭൂമിയില്‍ നരകം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് ചരിത്രത്തെ വ്യപിചരിക്കുകയാണ് അണിയറക്കാര്‍. ഭാവിയില്‍ ബീമാപ്പള്ളി വെടിവയ്പ്പിനെ പറ്റിയുള്ള റെഫറന്‍സായി ഉപയോഗിക്കപ്പെടാവുന്ന സിനിമ അങ്ങേയറ്റം പ്രതിലോമപരവും വിഷലിപ്തവുമാണെന്ന് പറയാതെവയ്യ; മാലിക്കിന്റെ മേന്മയോളം പ്രഹരശേഷി അതിനുണ്ട് താനും

 

web desk 3: