X

ദമ്പതികളുടെ ആത്മഹത്യ: ചങ്ങനാശേരിയില്‍ നാളെ ഹര്‍ത്താല്‍; എസ്.ഐയെ സ്ഥലം മാറ്റി

കോട്ടയം: മോഷണക്കുറ്റാമാരോപിച്ച് പൊലീസ് ചോദ്യംചെയ്ത ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി താലൂക്കില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. അതേസമയം ജീവനൊടുക്കിയ ദമ്പതികളെ ചോദ്യം ചെയ്ത ചങ്ങനാശേരി എസ്.ഐ സമീര്‍ഖാനെ സ്ഥലം മാറ്റി. സി.പി.എം നഗരസഭാംഗം സജി കുമാറിന്റെ പരാതിയെത്തുടര്‍ന്നാണ് ദമ്പതികളായ ചങ്ങനാശേരി പുഴവാത് സുനില്‍കുമാര്‍, ഭാര്യ രേഷ്മ എന്നിവരെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചത്. എന്നാല്‍ പിന്നീട് ദമ്പതികള്‍ വീട്ടിലെത്തി ജീവനൊടുക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും ചങ്ങനാശേരി പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയാണ്.

സജി കുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ആത്മഹത്യ ചെയ്ത സുനില്‍. തന്റെ സ്ഥാപനത്തില്‍നിന്ന് 75 പവന്‍ സ്വര്‍ണം മോഷണം പോയെന്നായിരുന്നു സജി കുമാറിന്റെ പരാതി. അതേസമയം സ്റ്റേഷനില്‍ വെച്ച് ചോദ്യം ചെയ്യുന്നതിനിടെ സുനില്‍കുമാറിനെ പൊലീസ് അതി ക്രൂരമായി മര്‍ദിച്ചെന്ന ആരോപണവുമായി ബന്ധു അനില്‍കുമാര്‍ രംഗത്തെത്തി. പൊലീസ് ക്രൂരമായി മര്‍ദിച്ചിരുന്നതായും സജി കുമാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും മരിച്ച സുനില്‍കുമാര്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് അനില്‍ കുമാര്‍ പറഞ്ഞു.

സ്റ്റേഷനില്‍ എത്തിയതിന് ശേഷമാണ് കേസെന്താണെന്ന് പോലും സുനില്‍ കുമാര്‍ അറിഞ്ഞത്. പൊലീസ് ചോദ്യം ചെയ്യുമ്പോള്‍ പരാതിക്കാരനായ സജി കുമാര്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നു. സ്വര്‍ണം കിട്ടിയില്ലെങ്കില്‍ നിന്നെ പണിയെടുത്ത് ജീവിക്കാനാകാത്ത അവസ്ഥയിലാക്കുെമന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. പന്ത്രണ്ട് മണിക്കൂര്‍ പൊലീസ് മൃഗീയമായി ചോദ്യം ചെയ്തു. ഇതിന് ശേഷം വീട്ടിലെത്തിയ ദമ്പതികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് അനില്‍ കുമാര്‍ പറയുന്നത്.

അതേസമയം നടന്നത് കസ്റ്റഡി മരണമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. പൊലീസിന്റെ വീഴ്ച അന്വേഷിക്കണമെന്ന് എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സി.എഫ് തോമസും ആവശ്യപ്പെട്ടു.

chandrika: