X

നിയമസഭയിലെ കയ്യാങ്കളിക്കേസ് തുടരുമെന്ന കോടതിവിധിയില്‍ സന്തോഷമെന്ന് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിക്കേസ് തുടരുമെന്ന കോടതിവിധിയില്‍ സന്തോഷമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. കേസില്‍ പ്രതികളെ ശിക്ഷിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും ചെന്നിത്തല പറഞ്ഞു.

കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ കോടതി തള്ളുകയായിരുന്നു. തിരുവനന്തപുരം സിജെഎം കോടതിയാണ് അപേക്ഷ തള്ളിയത്. അന്നത്തെ ധനമന്ത്രിയായിരുന്ന അന്തരിച്ച കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് സഭയില്‍ രണ്ടര ലക്ഷം രൂപ നഷ്ടത്തിനിട വരുത്തിയ കൈയാങ്കളിയുണ്ടായത്. മന്ത്രിമാരായ ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍ എന്നിവരും വി. ശിവന്‍കുട്ടി, കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സികെ സദാശിവന്‍ എന്നിങ്ങനെ ആറു പ്രതികളാണ് കേസിലുള്‍പെട്ടത്.

പ്രതിയായ വി. ശിവന്‍കുട്ടി കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ കത്തു നല്‍കിയിരുന്നു. പിന്നാലെ സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചെന്നു ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ ഇതിനെതിരെ തടസ ഹര്‍ജി നല്‍കി. സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും വാദങ്ങള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കേസില്‍ ഇന്നു വിധി പറയുന്നത്.

സ്പീക്കറുടെ കസേരയടക്കം മറിച്ചിട്ടു സഭയുടെ നടുത്തളത്തില്‍ ഇറങ്ങി അന്നത്തെ പ്രതിപക്ഷമായ ഇടതു എംഎല്‍എമാര്‍ നടത്തിയ പ്രതിഷേധത്തില്‍ രണ്ടര ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് കേസ്. നിയമസഭാ സെക്രട്ടറിയുടെ പരാതിയില്‍ അന്നത്തെ 6 എംഎല്‍എമാര്‍ക്കെതിരെ പൊതുമുതല്‍ നശീകരണ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തി കന്റോണ്‍മെന്റ്് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

chandrika: