X
    Categories: main stories

വോട്ടര്‍ പട്ടികയില്‍ ഗുരുതര തട്ടിപ്പ്; രമേശ് ചെന്നിത്തല വീണ്ടും പരാതി നല്‍കി

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ നേരത്തെ ചൂണ്ടിക്കാണിച്ച ക്രമക്കേടിന് പുറമെ പുതിയ തട്ടിപ്പ് കൂടി പുറത്തുവിട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരേ വ്യക്തിയുടെ ഫോട്ടോയും വിവരങ്ങളും നിരവധി തവണ ആവര്‍ത്തിച്ച് വ്യാജ വോട്ടുകള്‍ സൃഷ്ടിക്കപ്പെട്ടതിനെപറ്റിയാണ് നേരത്തെ പരാതി നല്‍കിയിരുന്നത്. എന്നാല്‍, ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റു പേരുകളിലും വിലാസങ്ങളിലും വ്യാജവോട്ടര്‍മാരെ സൃഷ്ടിക്കുന്നതാണ് പുതുതായി കണ്ടെത്തിയ ക്രമക്കേട്. ഇത് സംബന്ധിച്ച് ഒരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്ത ഉദ്ധരിച്ചാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്.

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലാണ് ഈ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. ഈ രീതിയില്‍ മറ്റ് മണ്ഡലങ്ങളിലും കൃത്രിമം നടന്നിട്ടുണ്ടോ എന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ പരിശോധിക്കുകയാണ്. ഇത്തരത്തിലുള്ള വ്യാജവോട്ടര്‍മാരുടെ കാര്യത്തിലും അടിയന്തരനടപടി വേണ്മെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

നേരത്തെ ചെന്നിത്തല ഉന്നയിച്ച ആരോപണം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ശരിവെച്ചിരുന്നു. കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തട്ടിപ്പ് വെളിപ്പെടുത്തി ചെന്നിത്തല രംഗത്ത് വന്നിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് വിജയിക്കാന്‍ സിപിഎം നടത്തുന്ന ഏറ്റവും വലിയ തട്ടിപ്പിന്റെ കഥയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: