X

‘മുഖ്യമന്ത്രി സർക്കാർ നേട്ടങ്ങളെ കുറിച്ച് മിണ്ടുന്നില്ല’: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി സർക്കാർ നേട്ടങ്ങളെ കുറിച്ച് മിണ്ടുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെ കുറിച്ച് ഓർമിപ്പിച്ചാൽ തിരിച്ചടി ഉണ്ടാകുമെന്ന് കരുതിയാണ് മുഖ്യമന്ത്രി നേട്ടങ്ങളെ കുറിച്ച് മിണ്ടാത്തതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സർക്കാർ എന്ന് കേട്ടാൽ ജനങ്ങൾക്ക് വാശി കൂടും എന്നത് കൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാത്തത്. കഴിഞ്ഞ 8 വർഷമായി ഇടത് മുന്നണിക്ക് ചൂണ്ടികാണിക്കാൻ ഏതെങ്കിലും ഭരണ നേട്ടമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് അവസാന റൗണ്ടിലേക്ക് എത്തിക്കഴിഞ്ഞുവെന്നും യുഡിഎഫിന് സമ്പൂർണ ആധിപത്യമാണ് 20 ലോക്സഭാ മണ്ഡലങ്ങളിലും ഉള്ളതെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു.

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ചെന്നിത്തല ഉന്നയിച്ചത്. ഒരു ദുഃസ്വപ്നം പോലെയാണ് ജനങ്ങൾ കെ റെയിൽ പദ്ധതിയെ കണ്ടത്. കെ ഫോൺ എപ്പോൾ പൂട്ടുമെന്ന് കണ്ടാൽ മതി, ഏകദേശം നിലച്ച മട്ടിൽ ആണ്. യഥാർത്ഥത്തിൽ കെ ഫോണും പരാജയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇവർക്ക് ആകെ അറിയുന്നത് കൊലപാതകമാണ്. പാനൂർ ബോംബ് നിർമാണം തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ. അത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. അഴിമതിയും അക്രമവും ആണ് സർക്കാരിന്റെ മുഖമുദ്രയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

മൈക്ക് പോലും മുഖ്യമന്ത്രിയോട് പ്രതിഷേധിക്കുന്നു. ഇന്ന് തൃശ്ശൂരും പ്രതിഷേധിച്ചു. ഇതൊരു പ്രതിഭാസമായി മാറി. ചിലപ്പോൾ അദ്ദേഹം തന്നെ മൈക്ക് ഒടിച്ചിടും. ജോസ് കെ മാണിയുടെ ആകെയുള്ള ജോലി ഇപ്പോൾ മൈക്ക് നന്നാക്കൽ ആണ്. അതാണ് എൽഡിഎഫിൽ ആകെ ലഭിക്കുന്ന പാരിതോഷികം. തിരഞ്ഞെടുപ്പ് കഴിയുമ്പോഴെങ്കിലും അദ്ദേഹത്തിന് നല്ല ബുദ്ധി തോന്നട്ടെ. ഇനിയുണ്ടാകാൻ പോകുന്നത് സിപിഐ കേരളാ കോൺഗ്രസ് രാജ്യസഭാ സീറ്റ് തർക്കമാണെന്നും മൈക്ക് നന്നാക്കാത്ത ബിനോയ്‌ വിശ്വത്തിനാണോ ജോസിനാണോ സീറ്റ് ലഭിക്കുകയെന്നും ചെന്നിത്തല പരിഹസിച്ചു.

webdesk14: