X
    Categories: keralaNews

ബിനീഷിന്റെ കുഞ്ഞിന്റെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടില്ല; നടപടിയില്ലെന്ന് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇഡി റെയ്ഡിനിടെ ബിനീഷിന്റെ കുഞ്ഞിന്റെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടെന്ന നിലപാടില്‍ മലക്കംമറിഞ്ഞ് ബാലാവകാശ കമ്മീഷന്‍. ബിനീഷിന്റെ കുഞ്ഞിനെ തടഞ്ഞുവെച്ചു എന്നാരോപിച്ച് ഓടിയെത്തിയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. ചെയര്‍മാന്റെ എടുത്തുചാട്ടം കമ്മീഷന് മാനക്കേടുണ്ടാക്കിയെന്ന് അംഗങ്ങള്‍ക്കിടയിലും അഭിപ്രായമുയര്‍ന്നതോടെയാണ് നിലപാട് മാറ്റാന്‍ തീരുമാനിച്ചത്.

റെയ്ഡുമായി ബന്ധപ്പെട്ടുണ്ടായ പരാതി അന്ന് തന്നെ തീര്‍പ്പാക്കിയതാണെന്ന് കമ്മീഷന്‍ അംഗം കെ. നസീര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനെതിരെ കൂടുതല്‍ നടപടികള്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 26 മണിക്കൂര്‍ നീണ്ട റെയ്ഡ് കുഞ്ഞിന് മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയെന്നും ഉറങ്ങാനായില്ലെന്നും ബിനീഷിന്റെ കുടുംബം കമ്മീഷന് പരാതി നല്‍കിയിരുന്നു.

എന്നാല്‍ കോടിയേരിയുട വീട്ടില്‍ ഓടിയെത്തിയ കമ്മീഷന്‍ ബാലാവകാശ കമ്മീഷനല്ലെന്നും ബാലകൃഷ്ണാവകാശ കമ്മീഷനാണെന്നും ആരോപണമുയര്‍ന്നു. വാളയാറിലും പാലത്തായിയിലും പിഞ്ചുകുട്ടികള്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ കമ്മീഷന്‍ എവിടെയായിരുന്നു എന്നും ചോദ്യമുയര്‍ന്നു. കമ്മീഷന്റെ വിലയിടിക്കുന്ന തരത്തിലുള്ള ഇടപെടല്‍ വിവാദമായതോടെയാണ് നടപടികള്‍ അവസാനിപ്പിച്ച് തലയൂരാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: