X
    Categories: CultureMoreViews

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയത്തിന്റെ അന്ത്യം ഇങ്ങനെ

ബെയ്ജിങ്:നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയിലേക്ക് പതിച്ച ചൈനീസ് ബഹിരാകാശ നിലയം ടിയാങ്‌ഗോങ്-1 ദക്ഷിണ പസഫിക് സമുദ്രത്തിന് മുകളില്‍ കത്തിയമര്‍ന്നു. ബെയ്ജിങ് പ്രാദേശിക സമയം രാവിലെ 8.15നാണ് ബഹിരാകാശ നിലയം ഭൂമിയില്‍ പ്രവേശിച്ചത്. അന്തരീക്ഷത്തില്‍ വെച്ചുതന്നെ ബഹിരാകാശ നിലയത്തിന്റെ ഭൂരിഭാഗവും കത്തിയമര്‍ന്നുവെന്ന് ചൈനീസ് ബഹിരാകാശ അതോറിറ്റി അറിയിച്ചു.

ബ്രസീലിയന്‍ തീരത്ത് ദക്ഷിണ അത്‌ലാന്റിക്കിന് സമീപം സാവോ പോളോക്കും റിയോ ഡി ജനീറോക്കും സമീപം നിലയം തകര്‍ന്നുവീഴുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ടാഹിതിയുടെ വടക്കുപടിഞ്ഞാറായി 100 കിലോമീറ്റര്‍ ചുറ്റളവിലെവിടെയോ ടിയാങ്‌ഗോങ്-1 തകര്‍ന്നു വീണതായി ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞന്‍ ബ്രാഡ് ടക്കെര്‍ പറഞ്ഞു.

നിലയത്തിന്റെ ഏതെങ്കിലും ഭാഗങ്ങള്‍ ഭൂമിയില്‍ പതിച്ചിട്ടുണ്ടാകുമെന്നാണ് ബഹിരാകാശ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ഇത് സംബന്ധിച്ച് ചൈനീസ് അധികൃതര്‍ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

2011-ലാണ് ചൈന ടിയാങ്‌ഗോങ്-1 വിക്ഷേപിച്ചത്. 2023 ഓടെ ഭ്രമണപഥത്തില്‍ സ്ഥിരം ബഹിരാകാശ നിലയം സ്ഥാപിക്കാനായിരുന്നു ചൈനയുടെ പദ്ധതി. 2017 അവസാനത്തോടെ ഇത് ഭൂമിയിലിറങ്ങുമെന്നായിരുന്നു ചൈന പറഞ്ഞിരുന്നു. പിന്നീട് നിലയത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ചൈന അറിയിക്കുകയായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: