X

പൗരത്വഭേദഗതി ഹര്‍ജി; മുസ്ലിംലീഗിനെ ശരിവെക്കുന്ന സുപ്രീംകോടതി

കെ.പി ജലീല്‍

മുസ്ലിംലീഗിന്റെ രാഷ്ട്രീയപ്രസക്തി ദേശീയതലത്തില്‍ വര്‍ധിപ്പിക്കുന്ന നിര്‍ദേശമാണ് സുപ്രീംകോടതിയില്‍നിന്ന് കഴിഞ്ഞദിവസം ഉണ്ടായിരിക്കുന്നത്. ദേശീയ പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് അടക്കം സുപ്രീംകോടതിക്ക് മുമ്പാകെ സമര്‍പ്പിച്ച 232 ഹര്‍ജികള്‍ പരിഗണിച്ചതില്‍ മുസ്ലിംലീഗിന്റെ ഹര്‍ജി പ്രത്യേക പ്രധാന്യത്തോടെ പരിഗണിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഭരണഘടനയുടെ 32-ാം വകുപ്പനുസരിച്ച് നിയമഭേഗതിയുടെ ഭരണഘടനാസാധുത പരിശോധിക്കണമെന്നാണ് മുസ്ലിം ലീഗ് സുപ്രീംകോടതിക്ക് നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

2014 ഡിസംബര്‍ 31നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ അയല്‍രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഹിന്ദു, സിഖ്, ജയിന്‍, ബുദ്ധ, ക്രിസ്ത്യന്‍, പാഴ്സി മതക്കാര്‍ക്ക് മാത്രം പൗരത്വം നല്‍കുന്ന നിയമമാണ് 2019 ഡിസംബര്‍ 11ന് പാര്‍ലമെന്റ് പാസാക്കിയത്. 1955ലെ പൗരത്വനിയമമാണ് ബി.ജെ.പിസര്‍ക്കാര്‍ മൃഗീയഭൂരിപക്ഷത്തോടെ ഭേദഗതിചെയ്തത്. എ.ഐ.എ.ഡി.എം.കെ ,ജനതാദള്‍ യു, ബിജു ജനതാദള്‍ തുടങ്ങിയ കക്ഷികള്‍ ബില്ലിനെ അനുകൂലിച്ചിരുന്നു. രാഷ്ട്രീയകക്ഷി എന്ന നിലയില്‍ മുസ്ലിംലീഗ് മാത്രമാണ് സുപ്രീംകോടതിയെ ഇതിനെതിരെ സമീപ്പിച്ചത്. ചീഫ്ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച ഹര്‍ജയില്‍ മുസ്ലിംലീഗിന്റെ ഹര്‍ജി പ്രധാനമായി പരിഗണിക്കാന്‍ നിര്‍ദേശിച്ചത്. നവംബര്‍ എട്ടിനാണ് ജസ്റ്റിസ് ലളിത് വിരമിക്കുന്നത്. ഡിസംബര്‍ ആറിനാണ് ഇനി ഹര്‍ജികള്‍ പരിഗണിക്കുക.

രാജ്യത്തെ മുസ്ലിംകളാദി ന്യൂനപക്ഷങ്ങള്‍ വലിയവെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ മുസ്ലിംലീഗ് ഉന്നയിക്കുന്ന വിഷയങ്ങള്‍ പ്രസക്തമാണെന്ന് തെളിയിക്കുകകൂടിയാണ് ഈവിധിയിലൂടെ സംഭവിച്ചിരിക്കുന്നത്. ഭരണഘടനാനിര്‍മാണസഭയില്‍ അംഗമായിരുന്ന മുസ്ലിംലീഗ് നേതാക്കളായ ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബും ബി.പോക്കര്‍ സാഹിബും ഉന്നയിച്ച പലവാദഗതികളും ഭരണഘടനയില്‍ കൂലങ്കഷമായ ചര്‍ച്ചകള്‍ക്കുശേഷം ഉള്‍ചേര്‍ന്നിരുന്നു. ഭരണഘടനയിലെ മൗലികാവകാശങ്ങളായ അഭിപ്രായസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, തുല്യതാസ്വാതന്ത്ര്യം തുടങ്ങിയവക്കെതിരായ നീക്കമായാണ് പൗരത്വഭേദഗതിനിയമത്തെ പൊതുസമൂഹം കാണുന്നത്. ബി.ജെ.പി അതിന്റെ പ്രകടനപത്രികയില്‍ പലതവണ പ്രഖ്യാപിച്ചതാണ് പൗരത്വഭേദഗതിനിയമം. അയല്‍സംസ്ഥാനങ്ങളിലെ ‘പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ ‘എന്ന വ്യാഖ്യാനമാണ് മുസ്ലിംകളല്ലാത്ത സമുദായങ്ങളെ ഇന്ത്യന്‍പൗരത്വത്തിന് അര്‍ഹരാക്കാനായി ബി.ജെ.പിയും സംഘപരിവാരവും നല്‍കുന്ന ന്യായം. മതഭേദമെന്യേ പൗരന്മാരെല്ലാം തുല്യരാണെന്ന ഭരണഘടനാതത്വത്തിനെതിരാണ് ഫലത്തില്‍ പ്രസ്തുതനിയമം.അതുകൊണ്ടുതന്നെ മുസ്ലിംലീഗിന്റെ പ്രസക്തിയെ ചോദ്യംചെയ്യുന്ന പലരുടെയും കണ്ണുതുറപ്പിക്കുന്നതാണ് ജസ്റ്റിസ് യു.യു.ലളിതിന്റെ തീരുമാനം.

മുന്നാക്കസംവരണത്തിന്റെ വിഷയത്തിലും ഭരണഘടനയുടെ ജാതീയാടിസ്ഥാനത്തിലുള്ള സംവരണത്തിനെതിരായ നിയമമാണ് ബി.ജെ.പി സര്‍ക്കാര്‍ പാസാക്കിയിരിക്കുന്നത്. അതും സുപ്രീംകോടതിയുടെ പരിശോധനയിലാണ്. മുസ്ലിംലീഗ് അക്കാര്യത്തിലും ഹര്‍ജിനല്‍കി നീതിക്കായി കാത്തിരിക്കുകയാണ്. കശ്മീര്‍ പ്രത്യോകാവകാശനിയമവും സുപ്രീംകോടതിയുടെ പരിഗണനക്ക് വിധേയമായിരിക്കുകയാണ്. മുസ്ലിംലീഗ് രൂപീകരണത്തിന്റെ മുക്കാല്‍നൂറ്റാണ്ട് തികയുന്ന വേളകൂടിയാണിത്. പാര്‍ട്ടിയുടെ അംഗത്വകാമ്പയിന്‍ ആരംഭിക്കുന്നതിന്റെ തലേന്നാണ് പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ നീക്കമെന്നതും പാര്‍ട്ടിപ്രവര്‍ത്തകരിലും നേതാക്കളിലും വലിയ ഊര്‍ജമാണ് സൃഷ്ടിച്ചിരിക്കുന്നത്.

web desk 3: