X

സുപ്രീംകോടതി പ്രതിസന്ധി: നാലു ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ പ്രതിസന്ധിക്കിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നാല് ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പടെയുള്ള ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു നിന്നു. ജസ്റ്റിസുമാരായ എ.കെ സിക്രി, ഡി.വൈ ചന്ദ്രചൂഡ്, യു.യു ലളിത് എന്നിവരും കൂടിക്കാഴ്ച സമയത്ത് അവിടെയുണ്ടായിരുന്നതായാണ് വിവരം. അതേ സമയം പ്രശ്‌നപരിഹാരത്തിന് കാര്യമായ പുരോഗതി ഉണ്ടാക്കാന്‍ കൂടിക്കാഴ്ചയ്ക്ക്് സാധിച്ചിട്ടില്ലെന്നാണ് ജഡ്ജിമാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സുപ്രീംകോടതിയില്‍ വെച്ചാണ് ദീപക് മിശ്ര, ജെ.ചേലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവരുമായി ചര്‍ച്ച നടത്തിയത്. ചീഫ് ജസ്റ്റിസും മുതിര്‍ന്ന ജഡ്ജിമാരും തമ്മിലുള്ള അഭിപ്രായ ഭിന്നത എല്ലാ ജഡ്ജിമാരിലും ആശങ്കയുണ്ടാക്കുന്നുവെന്നതിന്റെ സൂചനയാണ് മൂന്ന് ജഡ്ജിമാര്‍ കൂടി കൂടിക്കാഴ്ചയില്‍ പങ്കെടുത്തതെന്നാണ് വിവരം. നേരത്തെ ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സിപിഎമ്മും എന്‍സിപിയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ച നടത്തിയത്. ഇംപീച്ച്‌മെന്റ് നടപടികള്‍ക്കായി രാജ്യസഭയിലെ 50 എം.പിമാരുടേയും ലോക്‌സഭയിലെ 100 എം.പിമാരുടേയും പിന്തുണ വേണം. ഇത്തരത്തില്‍ ഇംപീച്ച്‌മെന്റ് നടപടിയുമായി മുന്നോട്ടു പോവുകയാണെങ്കില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നടപടി ആദ്യമായിരിക്കും. സുപ്രീംകോടതിയില്‍ കേസുകള്‍ അനുവദിക്കുന്നതിലുള്‍പ്പടെ നില നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാല് ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. ദീപക് മിശ്രക്കെതിരെയും ജഡ്ജിമാര്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

chandrika: