X

കശ്മീരില്‍ നാല് ഭീകരരെ വധിച്ചു; സിവിലിയന്‍ കൊല്ലപ്പെട്ടു

 

ശ്രീനഗര്‍: കശ്മീരിലുണ്ടായ വ്യത്യസ്ത സംഭവങ്ങളില്‍ നാല് തീവ്രവാദികളും സിവിലിയനും കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരും കുപ്‌വാര ജില്ലയിലെ ട്രെഹ്ഗാം മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനും കൊല്ലപ്പെട്ടു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് സൈനിക വക്താവ് അറിയിച്ചു.
ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയായിയിരുന്നു ഏറ്റുമുട്ടല്‍. പുല്‍വാമയില്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു യുവാവ് കൊല്ലപ്പെടുകയും എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മൂന്ന് സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയായാണ് പുല്‍വാമയിലും സൈനിക നടപടിയുണ്ടായത്.
അതേസമയം രാവിലെ ഷോപ്പിയാനിലെ കീഗാം ഗ്രാമത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന സൈനികര്‍ക്കു നേരെ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞു. അഹഗാമിലെ ഗുഡ്‌വില്‍ പബ്ലിക് സ്‌കൂളിന് സമീപമായിരുന്നു സംഭവം. ആക്രമണത്തില്‍ മൂന്ന് ജവാന്‍മാര്‍ക്ക് പരിക്കേറ്റു.
തുംന ഗ്രാമത്തില്‍ സൈന്യം നടത്തിയ വെടിവെപ്പിലാണ് നാല് ഗ്രാമീണര്‍ക്ക് പരിക്കേറ്റത്. പ്രദേശത്ത് റെയ്ഡിനെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടയുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ സൈന്യം നിരീക്ഷണം ശക്തമാക്കി.

chandrika: