X

മുഖ്യമന്ത്രിയും മന്ത്രിമാരും 81 വിദേശ യാത്രകള്‍ നടത്തി; വിവരാവകാശ രേഖ പുറത്ത്

തൃശൂര്‍: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും 81 വിദേശ യാത്രകള്‍ നടത്തിയതായി വിവരാവകാശ രേഖ. ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഏറ്റവും കൂടുതല്‍ യാത്രകള്‍ നടത്തിയത്. 14 വിദേശയാത്രകള്‍ അദ്ദേഹം നടത്തി. ഓരോ യാത്രയിലും ഭാര്യ ഉള്‍പെടെയുള്ള നിരവധി പേര്‍ ഉണ്ടായിരുന്നതായും രേഖ പ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നു. അതേ സമയം യാത്രാ ചെലവ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല.

പിണറായി വിജയന്‍ നടത്തിയ 14 യാത്രകളില്‍ 12 തവണ പോയത് ഔദ്യോഗിക ആവശ്യങ്ങള്‍ക്കാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 13 വിദേശയാത്രകള്‍ നടത്തി രണ്ടാം സ്ഥാനത്തുണ്ട്. ഇ പി ജയരാജന്‍ ഏഴും എ കെ ശശീന്ദ്രനും കെ കെ ശൈലജയും ആറ് വീതവും വിദേശയാത്രകള്‍ നടത്തി.

മന്ത്രി വി എസ് സുനില്‍ കുമാര്‍ നടത്തിയ അഞ്ച് യാത്രകളും സ്വകാര്യ ആവശ്യങ്ങള്‍ക്കാണ്. ജെ മേഴ്‌സികുട്ടിയമ്മയും പ്രൊഫ സി രവീന്ദ്രനാഥും വിദേശത്ത് പോയത് ഒറ്റത്തവണ മാത്രമെന്നും വിവരാവകാശനിയമപ്രകാരമുളള രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ യാത്രകള്‍ക്കായി എത്ര തുക ചെലവായി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരങ്ങള്‍ ലഭിച്ചിട്ടില്ല.

ഈ വിദേശയാത്രകള്‍ കൊണ്ട് സംസ്ഥാനത്തിനുണ്ടായ നേട്ടങ്ങളെ കുറിച്ച് സര്‍ക്കാര്‍ ഔദ്യോഗികായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുകയാണ് കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്. മാത്രമല്ല കേന്ദ്രാനുമതി ലഭിച്ച ശേഷമാണോ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും യാത്രകള്‍ നടത്തിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

web desk 1: