X

സംവരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റുകളെ പിണറായി പിന്തുണക്കുന്നു: പ്രതിപക്ഷ ഉപനേതാവ്

 

മുസ്‌ലിം യൂത്ത് ലീഗ് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ 24 മണിക്കൂര്‍ സംവരണ സമരം സമാപിച്ചു. ദലിത്, പിന്നാക്ക, ന്യൂനപക്ഷ സമുദായങ്ങളിലെ പ്രമുഖ നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്ന സമരത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. സംവരണം അട്ടിമറിക്കാന്‍ ഫാസിസ്റ്റ് ശക്തികള്‍ ശ്രമിക്കുമ്പോള്‍ പിണറായി വിജയനും സര്‍ക്കാരും ഒത്താശ ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംവരണത്തിനായുള്ള സമരപോരാട്ടത്തില്‍ മുസ്‌ലിം ലീഗിനും യൂത്ത് ലീഗിനും ആരെയും ഭയമില്ല. പുലിക്കൂട്ടില്‍ കയറി പുലിയെ ആക്രമിച്ച പാരമ്പര്യമാണ് മുസ്‌ലിം ലീഗിനുള്ളത്. എന്‍.എസ്.എസിന്റെ സമ്മേളനത്തില്‍ പങ്കെടുത്ത് സാമുദായിക സംവരണത്തിന് വേണ്ടി വാദിക്കാന്‍ ചങ്കൂറ്റം കാട്ടിയ തന്റെ പിതാവ് സി.എച്ചിന്റെ പാരമ്പര്യവുമായാണ് ലീഗ് സംവരണ സമരവുമായി മുന്നോട്ടുപോകുന്നത്.

സാമ്പത്തിക സംവരണം എന്ന ആവശ്യം ആദ്യമായി മുന്നോട്ടുവെച്ചത് 1958ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാടായിരുന്നു. രണ്ടാമതായി ഈ ആവശ്യം ഉന്നയിച്ച ഇന്ത്യയിലെ ഒരേയൊരു നേതാവ് പശ്ചിമ ബംഗാളിലെ ജ്യോതിബസു ആണ്. സംവരണ തത്വങ്ങള്‍ മാറ്റം വരുത്തണമെങ്കില്‍ ഭരണഘടനാ ഭേദഗതി വേണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഭരണഘടനാ ഭേദഗതി കൂടാതെ തന്നെ സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചത് പിണറായിയാണ്. സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ സാമ്പത്തിക സംവരണത്തിനുള്ള നടപടികള്‍ ആരംഭിച്ചു. 58ല്‍ ഇ.എം.എസ് പറഞ്ഞത് 2018ല്‍ പിണറായി നടപ്പിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ വി.കെ ഇബ്രാഹിം കുഞ്ഞ്, ടി.വി ഇബ്രാഹിം, പി. ഉബൈദുള്ള, കെ.പി.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറര്‍ എം.എ സമദ്, ഡോ.എം ശാര്‍ങ്ധരന്‍ എന്നിവര്‍ പ്രസംഗിച്ചു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ. സുള്‍ഫിക്കര്‍ സലാം, പി. ഇസ്മഈല്‍, പി.കെ സുബൈര്‍, പി.എ അഹമ്മദ് കബീര്‍, സെക്രട്ടറിമാരായ മുജീബ് കാടേരി, ആഷിക് ചെലവൂര്‍, എ.കെ.എം അഷറഫ്, പി.പി അന്‍വര്‍ സാദത്ത്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡി. നൗഷാദ്, ജനറല്‍ സെക്രട്ടറി ഹാരിസ് കരമന എന്നിവര്‍ സംബന്ധിച്ചു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കുട്ടി അഹമ്മദ് കുട്ടി, മുന്‍മന്ത്രി പി.കെ അബ്ദുറബ്ബ്, എം.എല്‍.എമാരായ വി.ടി ബല്‍റാം, കെ.എം ഷാജി, അഡ്വ.എന്‍. ഷംസുദ്ദീന്‍, പി.കെ ബഷീര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, പാറക്കല്‍ അബ്ദുള്ള, എസ്.ടി.യു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.എം റഹ്മത്തുള്ള, സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം, പിന്നാക്ക വിഭാഗ കോര്‍പറേഷന്‍ മുന്‍ ഡയറക്ടര്‍ വി.ടി ജോഷി, മെക്ക പ്രസിഡന്റ് പ്രൊഫ. റഷീദ്, യു.ഡി.എഫ് തിരുവനന്തപുരം ജില്ലാ കണ്‍വീനര്‍ ബീമാപള്ളി റഷീദ്, ഡോ.എ. യൂനുസ്‌കുഞ്ഞ് എന്നിവര്‍ സമരപ്പന്തലിലെത്തി അഭിവാദ്യമര്‍പിച്ച് സംസാരിച്ചു.

chandrika: