X

ഹാജരാകാന്‍ വീണ്ടും ഇഡി നോട്ടീസ്; പിന്നാലെ സിഎം രവീന്ദ്രന്‍ ആശുപത്രിയില്‍

തിരുവനന്തപുരം: വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസിന് പിന്നാലെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍. കോവിഡാനന്തര പരിശോധനകള്‍ക്ക് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെന്നാണ് വിശദീകരണം.

നവംബര്‍ ആറിന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തെ ഇഡി രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹത്ത് കോവിഡ് സ്ഥിരീകരിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം കോവിഡ് മുക്തനായി ആശുപത്രി വിട്ടത്. ഇതിനെ തുടര്‍ന്നാണ് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി. വീണ്ടും നോട്ടീസ് നല്‍കിയത്.

ഐടി വകുപ്പിലെ വന്‍കിട ഇടപാടുകളുമായി ബന്ധപ്പെട്ടാണ് രവീന്ദ്രന് നോട്ടീസ് നല്‍കിയിട്ടുള്ളത്. നേരത്തെ, സര്‍ക്കാരിന്റെ പദ്ധതികളില്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചെന്നും ശിവശങ്കര്‍ ഇടപാടുകളിലെ ഗുണഭോക്താക്കളില്‍ ഒരാള്‍ മാത്രമാണെന്നും സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിരുന്നു.

സ്വപ്‌നയുമായി ഫോണില്‍ സംസാരിച്ചതിന്റെ രേഖകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. രവീന്ദ്രനെ കൂടാതെ മുഖ്യമന്ത്രിയുടെ ഓഫിസിലെ രണ്ട് ഉദ്യോഗസ്ഥരെകൂടി ചോദ്യം ചെയ്യാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ആലോചിക്കുന്നുണ്ട്.

 

Test User: