X

ജലീലിന്റെ ബന്ധു നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ; യോഗ്യതയില്‍ മാറ്റം വരുത്താനുള്ള ഉത്തരവില്‍ മുഖ്യമന്ത്രിയും ഒപ്പിട്ടുവെന്ന് രേഖകള്‍

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ ബന്ധുവിന്റെ നിയമനത്തിനായി ന്യൂനപക്ഷ കോര്‍പ്പറേഷന്‍ നിയമന മാനദണ്ഡ ഇളവ് സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പിട്ടുവെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ചുള്ള രേഖകള്‍ പുറത്തു വന്നു. 2016 ഓഗസ്റ്റ് ഒമ്പതിനാണ് മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടത്. മാനദണ്ഡത്തില്‍ ഇളവു വരുത്തിയുള്ള നിയമനത്തെ അഡീഷണല്‍ സെക്രട്ടറി എതിര്‍ത്തിരുന്നുവെന്നും എന്നാല്‍ ഈ എതിര്‍പ്പ് അവഗണിച്ച് ഉത്തരവിറക്കാന്‍ മന്ത്രി ജലീല്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയെന്നുമാണ് റിപ്പോര്‍ട്ട്.

ന്യൂനപക്ഷ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരെ നിയമിക്കുന്നതിന് നേരത്തെ അഭിമുഖത്തിന് ക്ഷണിച്ചിരുന്നു. ആ അഭിമുഖത്തില്‍ പലരും പങ്കെടുക്കുകയും ചെയ്തു. ഈ അഭിമുഖത്തില്‍ ജലീലിന്റെ ബന്ധു അദീപ് ഹാജരായിരുന്നില്ല. പിന്നീട് ഈ പോസ്റ്റിന് പുതിയോ യോഗ്യത നിശ്ചയിക്കുകയായിരുന്നു.

നേരത്തെ അദീപിന്റെ നിയമനത്തിനായി അദീപിന്റെ യോഗ്യതയ്ക്ക് അനുസരിച്ച് യോഗ്യതാ മാനദണ്ഡം മാറ്റാന്‍ ആവശ്യപ്പെട്ട് നല്‍കിയ കത്ത് പുറത്ത് വന്നിരുന്നു. മന്ത്രിയുടെ കീഴിലുള്ള ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ നിയമനത്തിലുള്ള യോഗ്യതയില്‍ മാറ്റം വരുത്താനാണ് കത്ത് നല്‍കിയത്. കെടി അദീപ് എന്ന ബന്ധുവിന്റെ യോഗ്യതയ്ക്ക് അനുസരിച്ച് ഈ തസ്തിക മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്.

ജനറല്‍ മാനേജരുടെ യോഗ്യത ബിടെക് വിത്ത് പിജിഡിബിഎ എന്ന് കൂടി മാറ്റി യോഗ്യത നിശ്ചയിക്കാനാണ് കെടി ജലീല്‍ ആവശ്യപ്പെട്ടത്. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ യോഗ്യത മാറ്റി നിശ്ചയിച്ചു സെക്രട്ടറി ഉത്തരവിറക്കുകയും ചെയ്തു. മന്ത്രിയുടെ ബന്ധു കെടി അദീബിന്റെ യോഗ്യത് ബിടെക്കും പിജിഡിബിഎയുമായിരുന്നു.

 

web desk 3: