X

മരിച്ചത് മിന്നലേറ്റിട്ടല്ല, യുവാവിനെ കൊന്നത് ഷോക്കടിപ്പിച്ച്; കാമുകിയുടെ പിതാവ് പിടിയില്‍

ഭോപ്പാല്‍: നാല് മാസങ്ങള്‍ക്ക് മുമ്പ് മരിച്ച യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിയിച്ച് ഭോപ്പാല്‍ പൊലീസ്. സംഭവത്തില്‍ യുവാവിന്റെ കാമുകിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാല്‍ ഗുംഗ സ്വദേശി റയീസ് ഖാനാണ് പിടിയിലായത്.

2020 ഓഗസ്റ്റ് 29നാണ് ഭോപ്പാല്‍ സ്വദേശി ധര്‍മേന്ദ്ര(26)യെ റോഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്തത് യുവാവിന്റെ ബൈക്കും ഉണ്ടായിരുന്നു. രാത്രി യാത്രയ്ക്കിടെ മിന്നലേറ്റാണ് മരണം സംഭവിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. ചില സംശയങ്ങള്‍ നിലനിന്നതിനാല്‍ വെറും അപകടമരണമായി പൊലീസ് കേസ് അവസാനിപ്പിച്ചില്ല. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ബൈക്കില്‍ വരികയായിരുന്ന ധര്‍മേന്ദ്രയെ റയീസ് ഖാന്‍ തടഞ്ഞുനിര്‍ത്തി തലയ്ക്കടിച്ചെന്നും പിന്നീട് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. കല്ല് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ഹൈടെന്‍ഷന്‍ വൈദ്യുതലൈനില്‍നിന്ന് വൈദ്യുതി പ്രവഹിപ്പിച്ചാണ് കൊലപാതകം നടത്തിയത്. ശേഷം കത്തിക്കരിഞ്ഞ മൃതദേഹവും ബൈക്കും പ്രധാന റോഡിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. അപകടമരണമാണെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു ലക്ഷ്യം. മൃതദേഹം റോഡില്‍ ഉപേക്ഷിച്ചതിന് പിന്നാലെ പ്രതി സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു.

ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ മിന്നലേറ്റ് മരിച്ചെന്നായിരുന്നു സംഭവത്തില്‍ ആദ്യനിഗമനം. എന്നാല്‍ പലകാര്യങ്ങളിലും പൊരുത്തക്കേട് തോന്നിയതിനാല്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. സംഭവദിവസം ധര്‍മേന്ദ്ര കാമുകിയെ കാണാനെത്തിയെന്നും തിരിച്ചുപോകുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ഇതോടെയാണ് റയീസ് ഖാനെ പൊലീസ് നിരീക്ഷണവലയത്തിലാക്കിയത്.

മകളും ധര്‍മേന്ദ്രയും തമ്മിലുള്ള പ്രണയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന റയീസ് ഖാന്‍ കൃത്യമായ ആസൂത്രണത്തോടെയാണ് കുറ്റകൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. മകളും ധര്‍മേന്ദ്രയും സ്ഥിരമായി കൂടിക്കാഴ്ച നടത്തുന്ന സ്ഥലം ഇയാള്‍ക്ക് അറിയാമായിരുന്നു. സംഭവദിവസം ഇരുവരും തമ്മില്‍ പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് ധര്‍മേന്ദ്ര ബൈക്കില്‍ മടങ്ങുന്നതിനിടെയാണ് റയീസ് ഖാന്‍ കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

 

web desk 3: