X

ലാഭവിഹിതം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി പരാതി; ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

കൊച്ചി: കലക്‌‍ഷനിൽ റെക്കോർഡുകൾ സൃഷ്ടിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവ്. അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് എറണാകുളം സബ് കോടതി ഉത്തരവിട്ടത്. സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു സിറാജ് പരാതിയിൽ പറയുന്നു.

ചിത്രത്തിന്റെ നിർമാണ കമ്പനിയായ പറവ ഫിലിംസ്സിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടിരൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്. 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിർമാതകൾ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചതെന്നാണ് ഹരജി.

ആഗോള തലത്തിൽ ഇതുവരെ 220 കോടി രൂപ ചിത്രം കലക്ഷൻ നേടിയിട്ടുണ്ടെന്നും ഒ.ടി.ടി പ്ലാറ്റ്‍ഫോമുകള്‍ മുഖേനയും ചിത്രം 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കു കോടതി നോട്ടിസ് അയച്ചു. ഹർജി ഭാഗത്തിന് വേണ്ടി അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരായി.

webdesk14: