സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് അനുസരിച്ച് തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ പ്രവര്‍ത്തിച്ച ഡിവൈഎസ്പി റസ്റ്റത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. എംപി ലോക്‌സഭാ സ്പീക്കര്‍, പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി, സംസ്ഥാന പോലീസ് മേധാവി, പോലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവര്‍ക്ക് പരാതി നല്‍കി.
എംപിയായ തന്നെ സമൂഹമധ്യത്തില്‍ തേജോവധം ചെയ്യാനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയവേട്ടയാടലിന്റെ ഭാഗമാണ് ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ തന്നെ പ്രതിചേര്‍ത്തുള്ള കള്ളക്കേസ്. പുരാവസ്തു തട്ടിപ്പുകേസിലെ പ്രതിയും പോസ്‌കോ കേസില്‍ ശിക്ഷിക്കപ്പെടുകയും ചെയ്ത മോണ്‍സണ്‍ മാവുങ്കല്‍ വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് മുഖാന്തരം എറണാകുളം പോക്‌സോ സെക്ഷന്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാണെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.
മാവുങ്കലിനെ പോസ്‌കോ കോടതി ശിക്ഷിച്ച ജൂണ്‍ 17നാണ് തനിക്കെതിരായ ഗൂഢാലോചന നടന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റസ്റ്റം അദ്ദേഹത്തിന്റെ വാഹനത്തിലാണ് മോണ്‍സണ്‍ മാവുങ്കലിനെ കൊണ്ടുപോയത്. മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യം ഉള്ളതിനാലാണ് തന്റെ വണ്ടിയില്‍ കൊണ്ടുപോകുന്നത് എന്നാണ് റസ്റ്റം ജയില്‍ എസ്‌കോര്‍ട്ട് പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. യാത്രാമധ്യേ ഡിവൈഎസ്പി അദ്ദേഹത്തിന്റെ ഓഫീസില്‍ മോണ്‍സണ് കഴിക്കാനുള്ള ഭക്ഷണം ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചു. എന്നാല്‍ വണ്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ അതു നിരസിക്കുകയും ഹോട്ടലില്‍നിന്നും കഴിക്കാനുള്ള പണം ജയിലില്‍നിന്ന് നല്‍കിയതായി ഡിവൈഎസ്പിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഡിവൈഎസ്പി മാധ്യമപ്രവര്‍ത്തകരുടെ കാര്യം ഓര്‍മ്മിപ്പിച്ച് വീണ്ടും നിര്‍ബന്ധിച്ചതായും മോണ്‍സണ്‍ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
അതു നടക്കാതെ വന്നപ്പോള്‍ കളമേശേരി ക്രൈംബ്രാഞ്ച് ഓഫീസിന് സമീപത്തുള്ള പെട്രോള്‍ പമ്പിലെ ഒഴിഞ്ഞ സ്ഥലത്ത് വണ്ടി നിറുത്തി പുറത്തിറങ്ങിയ ഡിവൈഎസ്പി ആരോടോ ഫോണില്‍ സംസാരിച്ച ശേഷം തിരികെ വന്ന് തനിക്കെതിരെ രണ്ട് മൊഴികള്‍ എഴുതിനല്‍കണമെന്ന് ഭീക്ഷണിപ്പെടുത്തി. മോണ്‍സണ്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സമയത്ത് താന്‍ അവിടെ ഉണ്ടായിരുന്നതായും അനൂപ് 25 ലക്ഷം രൂപ മോണ്‍സണ് നല്‍കിയത് താന്‍ പറഞ്ഞിട്ടാണെന്നും മൊഴി നല്‍കണമെന്നും ആവശ്യപ്പെട്ടു. അതിന് വിസമ്മതിച്ച മോണ്‍സണെയും അയാളുടെ കുടുംബത്തേയും അധിക്ഷേപിക്കുകയും തോക്കുചൂണ്ടി മറ്റൊരു കേസുണ്ടാക്കി കസ്റ്റഡിയില്‍ വാങ്ങി പ്രതികാരം തീര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെല്ലാം എക്‌സ്‌കോര്‍ട്ട് വന്ന പോലീസ് ഉദ്യോഗസ്ഥര്‍ സാക്ഷികളാണ്.
പോസ്‌കോ കോടതിയുടെ വിധി വന്നതിന്റെ തൊട്ടടുത്ത ദിവസം ഡിവൈഎസ്പി മോണ്‍സണിനോട് ഉന്നയിച്ച ആവശ്യങ്ങള്‍ ദേശാഭിമാനി തനിക്കെതിരേ അപകീര്‍ത്തികരമായ വാര്‍ത്തയായി പ്രസിദ്ധീകരിച്ചു. അതിന്റെ ആധികാരികത പരിശോധിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ തനിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കുകയും ചെയ്തു.
തനിക്കെതിരായ പരാതിക്കാര്‍ പണം നല്‍കുന്നത് കണ്ടുവെന്ന് പറഞ്ഞ മോണ്‍സണിന്റെ മുന്‍ഡ്രൈവര്‍ക്കെതിരെ മോണ്‍സണ്‍ മാവുങ്കല്‍ സ്വഭാവദൂഷ്യത്തിന് പോലീസില്‍ പരാതപ്പെട്ടിട്ടുള്ളതായും അറിയാന്‍ സാധിച്ചിട്ടുണ്ട്. ജനപ്രതിനിധി കൂടിയായ തനിക്ക് ഇതാണ് ഗതിയെങ്കില്‍ സാധാരണക്കാര്‍ക്ക് എന്തുനീതിയാണ് ലഭിക്കുന്നത്.
തനിക്കെതിരെ പ്രവര്‍ത്തിച്ച ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സിപിഎമ്മിന്റെ കൈയിലെ ചട്ടുകം മാത്രമാണ്. രാഷ്ട്രീയ പോരാട്ടം ആശയപരമായി നടത്തുന്നതിന് പകരം കള്ളക്കേസുകള്‍ ഉണ്ടാക്കിയാണ് നേരിടേണ്ടത്. തനിക്കെതിരായി സിപിഎം നടത്തിയ ഗൂഢാലോചന അവര്‍ ഇന്ന് നേരിടുന്ന രാഷ്ട്രീയ ജീര്‍ണതയുടെയും അപചയത്തിന്റെയും നേര്‍ചിത്രമാണ്. തനിക്കെതിരെ ഗൂഢാലോചന നടത്തുകയും അധിക്ഷേപിക്കുകയും ചെയ്ത എം വി ഗോവിന്ദനെതിരെയും പോലീസിലെ പുഴുക്കുത്തുകള്‍ക്കെ തിരെയുമുള്ള ശക്തമായ നിയമ പോരാട്ടം തുടരുമെന്നും സത്യം തെളിയിക്കുമെന്നും സുധാകരന്‍ പറഞ്ഞു.