X
    Categories: indiaNews

കര്‍ഷക ബില്ലുകള്‍ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ബില്ലുകള്‍ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്. ബില്ലുകള്‍ക്കെതിരായ പ്രക്ഷോഭത്തിനായി രാജ്യം മുഴുവന്‍ പ്രതിഷേധ മാര്‍ച്ചുകള്‍, ധര്‍ണകള്‍ എന്നിവ നടത്തുന്നതിനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് കോണ്‍ഗ്രസ് സഭ ബഹിഷ്‌ക്കരിച്ചു. പ്രതിപക്ഷ പാര്‍ട്ടികളൊന്നാകെയാണ് സഭ ബഹിഷ്‌ക്കരിച്ചത്.

രാഷ്ട്രപതി രാം നാഥ് കോവിന്ദിന് രണ്ടുകോടിയോളം കര്‍ഷകര്‍ ഒപ്പിട്ട മെമ്മോറാണ്ടം സമര്‍ര്‍പ്പിക്കുകയും ചെയ്യും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരും വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളും പങ്കെടുത്ത യോഗത്തിന്റേതാണ് തീരുമാനം.

കേന്ദ്രം കൊണ്ടുവന്ന മൂന്ന് കര്‍ഷക ബില്ലുകള്‍ക്കുമെതിരെ യോഗത്തില്‍ പ്രമേയവും പാസാക്കി. അമേരിക്കയില്‍ മെഡിക്കല്‍ ചെക്കപ്പുകളുടെ ഭാഗമായി പോയിരിക്കുന്ന പാര്‍ട്ടി താത്കാലിക അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും മിക്ക നേതാക്കളും യോഗത്തില്‍ നേരിട്ട് പങ്കെടുത്തു. തുടര്‍ന്ന് നടന്ന പത്രസമ്മേളനത്തില്‍ കേന്ദ്രം കൊണ്ടുവന്ന ബില്ലുകളേപ്പറ്റി ഗ്രാമതലങ്ങളില്‍ വരെ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ വിശദീകരിച്ചു.

കര്‍ഷക വിരുദ്ധമായ നിയമം പാര്‍ലമെന്റുവഴി ബലമായി അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കെ.സി. വേണുഗോപാല്‍ പറഞ്ഞു. പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ തെറ്റിധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബര്‍ 28 വരെ എല്ലാ സംസ്ഥാന ഘടകങ്ങളും അതാത് പാര്‍ട്ടിയിലെ നിയമസഭാംഗങ്ങളും അതാത് സംസ്ഥാന രാജ്ഭവനിലേക്ക് കാല്‍നടയായി ചെന്ന് ഗവര്‍ണര്‍മാര്‍ക്ക് നിവേദനം സമര്‍പ്പിക്കും. രാഷ്ട്രപതിക്കുള്ള മെമ്മൊറാണ്ടം ആകും ഇത്. തുടര്‍ന്ന് ഗാന്ധിജയന്തി ദിനം കര്‍ഷക സംരക്ഷണ ദിനമായി ആചരിക്കും. ഈ ദിനത്തില്‍ രാജ്യത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ധര്‍ണകള്‍, മാര്‍ച്ചുകള്‍. എന്നിവ സംഘടിപ്പിക്കും. ഒക്ടോബര്‍ 10ന് എല്ലാ സംസ്ഥാനങ്ങളിലും കിസാന്‍ സമ്മേളന്‍ എന്ന പേരില്‍ കര്‍ഷക സംഗമം സംഘടിപ്പിക്കും.

ഒക്ടോബര്‍ രണ്ടുമുതല്‍ 31 വരെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഗ്രാമങ്ങളിലെത്തി കര്‍ഷകരില്‍ നിന്ന് രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനുള്ള മെമ്മോറാണ്ടത്തിനുള്ള ഒപ്പുകള്‍ ശേഖരിക്കും. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ നവംബര്‍ 14ന് ഇത് രാഷ്ട്രപതിക്ക് സമര്‍പ്പിക്കും.

 

chandrika: