X

യുപിയില്‍ കോണ്‍ഗ്രസും എസ്പിയും സഖ്യത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

ലക്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയും(എസ്.പി) കോണ്‍ഗ്രസും സഖ്യമായി മത്സരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പരസ്പരം എത്ര സീറ്റില്‍ മത്സരിക്കണമെന്ന കാര്യത്തില്‍ ചര്‍ച്ച അന്തിമ ഘട്ടത്തിലാണെന്നും പിന്നാലെ ഔദ്യോഗിക പ്രഖ്യാപനം വരുമെന്നും ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് രാജ് ബബ്ബറും ഗുലാം നബി ആസാദും നിരവധി തവണ എസ്.പി തലവന്‍ മുലായം സിങ് യാഗവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇരു പാര്‍ട്ടിയിലേയും നേതാക്കളും പോര് മറന്ന് ഒരു സഖ്യത്തിനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ പ്രതികരണം നല്‍കാന്‍ എസ്.പി സംസ്ഥാന പ്രസിഡന്റ് ശിവപാല്‍ യാദവ് തയ്യാറായില്ല. തനിക്കൊന്നുമറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന് അനുകൂല സൂചനയാണ് നല്‍കുന്നത്. അതേസമയം 176 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ എസ്.പി ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

403 നിയമസഭാ മണ്ഡലങ്ങളാണ് ഉത്തര്‍പ്രദേശിലുള്ളത്. ഭരണകക്ഷിയായ എസ്.പി ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ട്. പോരാത്തതിന് പാര്‍ട്ടിയിലെ കുടുംബ പോരും. മായാവതിയുടെ ബി.എസ്.പിയും ബി.ജെ.പിയുമാണ് കളം പിടിക്കാന്‍ രംഗത്തുള്ള മറ്റു പാര്‍ട്ടികള്‍. അടുത്ത വര്‍ഷമാണ് യുപിയില്‍ തെരഞ്ഞെടുപ്പ് നടക്കുക. അഭിമാനപോരാട്ടമായാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ കാണുന്നത്.

chandrika: