X

മോദി സര്‍ക്കാര്‍ ജനത്തെ കൊള്ളയടിക്കുന്നുവെന്ന് കോണ്‍ഗ്രസ്, ഇന്ത്യയില്‍ 78 രൂപക്ക് വില്‍ക്കുന്ന പെട്രോള്‍ 34 രൂപക്ക് വിദേശ രാജ്യങ്ങള്‍ക്ക് നല്‍കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയര്‍ത്തുമ്പോള്‍ തന്നെ മോദി സര്‍ക്കാര്‍ വിദേശ രാജ്യങ്ങള്‍ക്ക് ഇവ കുറഞ്ഞ വിലക്ക് വില്‍ക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. പെട്രോള്‍, ഡീസല്‍ വിലയുടെ പേരില്‍ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു.
ഇന്ധന നികുതിയുടേയും ലെവിയുടേയും പേരില്‍ പ്രതിവര്‍ഷം 11 ലക്ഷം കോടി രൂപയാണ് മോദി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളില്‍ നിന്ന് കൊള്ളയടിച്ചു കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ ഈടാക്കുന്ന വന്‍ നികുതിയാണ് പെട്രോള്‍, ഡീസല്‍ വില ആകാശംമുട്ടേ കുതിക്കാന്‍ കാരണം. ഇത് വ്യക്തമാക്കുന്നതാണ് വിദേശ രാജ്യങ്ങള്‍ക്ക് ഇന്ത്യ ഇന്ധനം വില്‍ക്കുന്നതിന്റെ കണക്കുകള്‍. 78 മുതല്‍ 86 രൂപ വരെയാണ് വിവിധ സംസ്ഥാനങ്ങളില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇപ്പോഴത്തെ വില. എന്നാല്‍ 15 വിദേശ രാജ്യങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ പെട്രോള്‍ വില്‍ക്കുന്നത് ലിറ്ററിന് 34 രൂപയക്കാണ്. 70 മുതല്‍ 75 രൂപ വരെയാണ് രാജ്യത്ത് ഡീസലിന്റെ വില. എന്നാല്‍ വിദേശ രാജ്യങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ ഡീസല്‍ വില്‍ക്കുന്നത് 29 – 37 രൂപ തോതിലാണ്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, അമേരിക്ക, മലേഷ്യ, ഇസ്രാഈല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇത്തരത്തില്‍ ഇന്ത്യ എണ്ണ നല്‍കുന്നുണ്ടെന്നും സുര്‍ജേവാല ആരോപിച്ചു.
വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കുന്നതിനേക്കാള്‍ ഇരട്ടിയിലധികം വിലയ്ക്കാണ് ആഭ്യന്തര വിപണിയില്‍ പെട്രോളും ഡീസലും വിറ്റഴിക്കുന്നത്. കോടികളാണ് ഇതിലൂടെ സര്‍ക്കാര്‍ കൊള്ളയടിക്കുന്നത്. രാജ്യത്തെ ജനങ്ങളെ കേന്ദ്രസര്‍ക്കാര്‍ എങ്ങനെയാണ് ദ്രോഹിക്കുന്നതെന്നതിന് തെളിവാണിതെന്നും അദ്ദേഹം ആരോപിച്ചു. പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ കൊണ്ടു വരണമെന്ന് 2017 ജൂലൈയില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് നിരസിക്കുകയാണ് ചെയ്തത്. വരുന്ന തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ജനങ്ങള്‍ ഇതിന് മോദി സര്‍ക്കാറിന് മറുപടി നല്‍കും.
2014 മെയില്‍ (യു.പി.എ സര്‍ക്കാറിന്റെ അവസാന കാലത്ത്) ഒരു ലിറ്റര്‍ പെട്രോളിന്മേലുള്ള എക്‌സൈസ് തീരുവ 9.2 രൂപയായിരുന്നു. എന്നാല്‍ നിലവില്‍ ഇത് 19.48 രൂപയാണ്. നൂറു ശതമാനത്തിലധികം വര്‍ധനവാണ് മോദി സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ വരുത്തിയത്. 2014 മെയില്‍ ലിറ്ററിന് 3.46 രൂപയുണ്ടായിരുന്ന ഡീസലിന്റെ എക്‌സൈസ് തീരുവ ഇപ്പോള്‍ 15.33 രൂപയാണ്. മൂന്നിരട്ടിയിലേറെ വര്‍ധന. മോദി അധികാരത്തിലെത്തിയ ശേഷം മാത്രം രാജ്യത്ത് 12 തവണ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചെന്നും സുര്‍ജേവാല ആരോപിച്ചു.

chandrika: