X

കാണാതായ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പി ക്യാമ്പില്‍

ബംഗളൂരു: കാണാതായ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പി ക്യാമ്പിലെത്തിയതായി റിപ്പോര്‍ട്ട്. വിജയനഗര്‍ എം.എല്‍.എ ആനന്ദ് സിങും മസ്‌കി എം.എല്‍.എ പ്രതാപ് ഗൗഡ പാട്ടീലുമാണ് ബി.ജെ.പിക്കൊപ്പം നില്‍ക്കുന്നത്. നേരത്തെ, നിയമസഭാ മന്ദിരത്തിനു മുന്നിലുള്ള പ്രതിഷേധത്തില്‍ 76 എം.എല്‍.എമാരാണ് പങ്കെടുത്തിരുന്നത്.

അതേസമയം, ഇവരെ ബി.ജെ.പി ഭീഷണിപ്പെടുത്തിയതായി കോണ്‍ഗ്രസ് ആരോപിച്ചു. ആനന്ദ് സിങിനെ കേന്ദ്രസര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതാണെന്ന് ജെ.ഡി.എസ് നേതാവ് കുമാരസ്വാമി പറഞ്ഞു. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ താമസിക്കുന്ന ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ നിന്ന് പ്രതാപ്ഗൗഡ പാട്ടീല്‍ പുലര്‍ച്ചെ നാലരയോടെ പുറത്തുപോയതാണ് വിവരം. ഒരു സ്വകാര്യ വിമാനത്തില്‍ അജ്ഞാത സ്ഥലത്തേക്ക് പോയെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, 118 എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ബി.ജെ.പിയെ വെല്ലുവിളിച്ച് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. ആ 11 പേര്‍ ഞങ്ങളോടൊപ്പമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യോദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തതില്‍ പ്രതിഷേധിച്ച് നിയമസഭക്ക് മുന്നില്‍ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. വിധാന്‍ സൗധക്ക് മുന്നിലാണ് കോണ്‍ഗ്രസ് ജെ.ഡി.എസ് ധര്‍ണ നടക്കുന്നത്.

കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്ന കര്‍ണാടകയിലെ എം.എല്‍.എമാര്‍ ഒറ്റ രാത്രി കൊണ്ട് മറുകണ്ടം ചാടിയെന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന ആരോപണം. ഈ ആരോപണത്തിന് മറുപടിയുമായി തങ്ങള്‍ക്കൊപ്പമുളള മുഴുവന്‍ എം.എല്‍.എമാരെയും റോഡിലിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്‌ജെ.ഡി.എസ് സഖ്യം.

chandrika: