X

ജി.എസ്.ടി നിരക്ക് കുറച്ചതിന്റെ ക്രെഡിറ്റ് രാഹുലിനെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതിയില്‍ മാറ്റം വരുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷ പരിഹാസവുമായി മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. സ്വബോധം മുളച്ച് പാകമാവാന്‍ ധനകാര്യ മന്ത്രിക്കും കേന്ദ്രത്തിനും നാലു മാസം വേണ്ടി വന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. രാജ്യത്തെ ബൃഹത് സാമ്പത്തിക സാഹചര്യം മനസിലാക്കാന്‍ ധനമന്ത്രാലയത്തിന് ഗുജറാത്ത് തെരഞ്ഞെടുപ്പും, നാലു മാസവും 10 ദിവസവും വേണ്ടി വന്നു ചിദംബരം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. അതേ സമയം ജി.എസ്.ടി കൗണ്‍സില്‍ കഴിഞ്ഞ ദിവസം 178 ഉല്‍പന്നങ്ങള്‍ക്ക് നിരക്ക് കുറച്ചതിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലിനാണെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു. ഗുജറാത്തില്‍ രാഹുലിന്റെ പ്രചാരണത്തിന് ലഭിച്ച വര്‍ധിച്ച പിന്തുണയാണ് ഇതിന് ഇടയാക്കിയതെന്ന് ഗുജറാത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അശോക് ഗെലോട്ട് പറഞ്ഞു. ഭരണ കക്ഷിയായ ബി.ജെ.പിക്ക് സാധിക്കാത്തത് പ്രതിപക്ഷമായ കോണ്‍ഗ്രസിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ലളിതമായി നടപ്പിലാക്കേണ്ടിയിരുന്ന ജി.എസ്.ടി പിടിച്ചുപറിയായി നടപ്പിലാക്കിയതാണ് മോദി സര്‍ക്കാറിന്റെ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നോട്ട് അസാധുവാക്കലും ജി.എസ്.ടിയും മുഖ്യ വിഷയമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കാട്ടിയിരുന്നു. ഗുജറാത്ത് കയ്യില്‍ നിന്നും വഴുതുമെന്ന് വ്യക്തമായതോടെയാണ് നികുതി വെട്ടിക്കുറക്കാന്‍ കേന്ദ്രം തയാറായതെന്നും ഗെലോട്ട് പറഞ്ഞു. പെട്രോളിയം ഉല്‍പന്നങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, വൈദ്യുതി എന്നിവ ജി.എസ്.ടി പരിധിയില്‍ കൊണ്ടു വരുമെന്ന് കോണ്‍ഗ്രസ് മുഖ്യവക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.

chandrika: