X

ഒറ്റ-ഇരട്ട ഗതാഗത പരിഷ്‌കരണം ഡല്‍ഹി സര്‍ക്കാര്‍ ഉപേക്ഷിച്ചു

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി ഒറ്റ- ഇരട്ട ഗതാഗത പരിഷ്‌കരണം വീണ്ടും കൊണ്ടുവരാനുള്ള നീക്കം ഡല്‍ഹി സര്‍ക്കാര്‍ വേണ്ടെന്നു വച്ചു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അനുമതി ലഭിച്ചതിനു തൊട്ടുപിന്നാലെയാണ് പദ്ധതി ഉപേക്ഷിച്ചതായി ഡല്‍ഹി ഗതാഗത വകുപ്പ് മന്ത്രി കൈലാഷ് ഗെഹ്‌ലോട്ട് പറഞ്ഞത്. പരിഷ്‌കരണത്തിന് അനുമതി നല്‍കിയെങ്കിലും വനിതകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും മാത്രമായി ഇളവ് അനുവദിക്കരുതെന്ന് ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കിയിരുന്നു. ഇതാണ് പദ്ധതി ഉപേക്ഷിക്കാന്‍ കാരണമെന്നും ഇന്നലെ അടിയന്തര മന്ത്രിസഭാ യോഗമാണ് ഗതാഗത പരിഷ്‌കരണം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.

ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെ ബഹുമാനിക്കുന്നു. എന്നാല്‍ നിര്‍ദേശം നടപ്പാക്കുക ദുഷ്‌കരമാണ്. ഡല്‍ഹിയില്‍ 60 ലക്ഷത്തോളം ഇരുചക്ര വാഹനങ്ങള്‍ പ്രതിദിനം നിരത്തിലിറങ്ങുന്നുണ്ടെന്നാണ് കണക്ക്. ഇവയില്‍ പകുതി വാഹനങ്ങള്‍ നിരത്തില്‍നിന്ന് മാറ്റി നിര്‍ത്തിയാല്‍ ചുരുങ്ങിയത് 30 ലക്ഷം പേരെങ്കിലും പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കേണ്ടി വരും. ഇത്രയധികം പേരെ ഉള്‍കൊള്ളാനുള്ള ശേഷി നിലവില്‍ ഡല്‍ഹിയിലെ പൊതുഗതാഗത സംവിധാനത്തിന് ഇല്ലെന്ന് മന്ത്രി പറഞ്ഞു. സുരക്ഷ കണക്കിലെടുത്ത് സ്ത്രീകളേയും ഗതാഗത പരിഷ്‌കരണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. തിങ്കളാഴ്ച ഹരിത ട്രൈബ്യൂണല്‍ മുമ്പാകെ പുനഃപ്പരിശോധനാ ഹര്‍ജി നല്‍കും. അനുകൂല നിലപാട് ഉണ്ടായാല്‍ മറ്റൊരു ദിവസം മുതല്‍ ഗതാഗത പരിഷ്‌കരണം നടപ്പാക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

chandrika: