X

സോണിയാഗാന്ധിയുടെ ഇടപെടല്‍; കോണ്‍ഗ്രസ്-എസ്.പിയും ഒരുമിച്ചുതന്നെ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ നിയസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എസ്.പി സഖ്യത്തിന് തീരുമാനമായി. സീറ്റു വിഭജനവുമായുണ്ടായ തര്‍ക്കത്തില്‍ സോണിയ ഗാന്ധി ഇടപെട്ടതോടെയാണ് സഖ്യത്തിന് തീരുമാനമായത്. നേരത്തെ സഖ്യത്തിന് ധാരണയായിരുന്നെങ്കിലും സീറ്റുവിഭജനത്തില്‍ തര്‍ക്കം ഉടലെടുക്കുകയായിരുന്നു.

അന്തിമ തീരുമാനം അനുസരിച്ച് കോണ്‍ഗ്രസ് 105സീറ്റിലും സമാജ് വാദി പാര്‍ട്ടി 298 സീറ്റുകളിലും മത്സരിക്കും. 121 സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 100 സീറ്റ് മാത്രമേ നല്‍കൂ എന്ന് എസ്.പിയും മുന്നോട്ടുവെച്ചു. ഈ സാഹചര്യത്തില്‍ സഖ്യത്തിന് സാധ്യതയില്ലെന്ന് വരെ പുറത്തുവന്നിരുന്നു. എന്നാല്‍ സോണിയഗാന്ധി ഇടപെട്ടതോടെ ഇരുകൂട്ടരും നിലപാടുകള്‍ മയപ്പെടുത്തുകയും സഖ്യത്തിന് ധാരണയാവുകയുമായിരുന്നു.

നേരത്തെ, സീറ്റ് വിഭജന തര്‍ക്കത്തില്‍ പ്രിയങ്കഗാന്ധിയും ഇടപെട്ടിരുന്നു. എന്നാല്‍ പരിഹരിക്കപ്പെടാതെ തന്നെ പ്രശ്‌നം തുടര്‍ന്നു. പിന്നീട് ഒന്നാംഘട്ട വോട്ടെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാനുള്ള അവസാനദിനം അടുത്തതോടെയാണ് അന്തിമ ചര്‍ച്ചകള്‍ക്കായി സോണിയഗാന്ധിയും ഗുലാംനബി ആസാദും ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തിയത്. ആദ്യഘട്ട തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിനം ചൊവ്വാഴ്ച്ചയാണ്.

chandrika: