X

ബി.ജെ.പിയെ അതേ നാണയത്തില്‍ തിരിച്ചടിച്ച് കോണ്‍ഗ്രസ്; ആറ് ബി.ജെ.പി എം.എല്‍.എമാരുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തി

ബംഗളൂരു: അപ്രതീക്ഷിത രാഷ്ട്രീയനീക്കത്തിലൂടെ രൂപീകരിച്ച കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ നിന്ന് എം.എല്‍.എമാരെ പിന്തരിപ്പിക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ മറുപടി. ബി.ജെ.പിയുടെ ആറ് എം.എല്‍.എമാരുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കും നാല് ജെ.ഡി.എസ് എം.എല്‍.എമാര്‍ക്കും ബി.ജെ.പി നൂറ് കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് കോണ്‍ഗ്രസ് പുതിയ നീക്കം നടത്തിയതെന്നാണ് വിവരം.
കോണ്‍ഗ്രസ് എം.എല്‍.എമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. എന്നാല്‍ അതേ നാണയത്തിലാണ് കോണ്‍ഗ്രസും തിരിച്ചടിച്ചത്. ബംഗളൂരുവില്‍ ജെ.ഡി.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെ എച്ച്.ഡി കുമാരസ്വാമി പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്. കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാമെന്നത് മോദിയുടെ വ്യാമോഹം മാത്രമാണെന്നും ബി.ജെ.പിയുമായി ഒരു സഖ്യത്തിനും തങ്ങളില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി.
കോണ്‍ഗ്രസ് സഖ്യത്തില്‍ 12 ജെ.ഡി.എസ് എം.എല്‍.എമാര്‍ സംതൃപ്തരല്ലെന്നായിരുന്നു ബി.ജെ.പിയുടെ വാദം. എന്നാല്‍ അതില്‍ യാതൊരു കഴമ്പുമില്ലെന്നും കുമാരസ്വാമി പറഞ്ഞു.

chandrika: