X
    Categories: indiaNews

മണിപ്പൂരില്‍ ഭരണത്തുടര്‍ച്ച

ഇംഫാല്‍: മണിപ്പൂരില്‍ ബി.ജെ.പിയ്ക്ക് ഭരണത്തുടര്‍ച്ച. 60 അംഗ നിയമസഭയില്‍ 32 സീറ്റുമായി ബി.ജെ.പി തനിച്ച് ഭൂരിപക്ഷം നേടി. കഴിഞ്ഞ തവണ 28 സീറ്റുമായി ഒന്നാമതെത്തിയിട്ടും കപ്പിനും ചുണ്ടിനുമിടയില്‍ ഭരണം നഷ്ടമായ കോണ്‍ഗ്രസ് ഇത്തവണ അഞ്ചു സീറ്റുകളുമായി നാലാം സ്ഥാനത്തേയ്ക്ക് കൂപ്പു കുത്തി. 23 സീറ്റുകളുടെ കുറവാണ് കോണ്‍ഗ്രസിനുണ്ടായത്.

2017ല്‍ 21 സീറ്റുണ്ടായിരുന്ന ബി.ജെ.പി 32 സീറ്റുകള്‍ നേടിയപ്പോള്‍ എന്‍.പി.പി കഴിഞ്ഞ തവണത്തേക്കാള്‍ മൂന്നു സീറ്റുകള്‍ അധികം നേടി ഏഴു സീറ്റുകളായി സമ്പാദ്യം ഉയര്‍ത്തി. ബി.ജെ.പി നേതൃത്വം നല്‍കുന്ന നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സിന്റെ ഭാഗമാണെങ്കിലും മണിപ്പൂരില്‍ എന്‍.പി.പി തനിച്ചാണ് മത്സരിച്ചത്. എന്‍.പി.എഫ് അഞ്ച് സീറ്റു നേടിയപ്പോള്‍ കൂറുമാറ്റം കൊണ്ട് നേതാക്കളെ ലഭിച്ച ജെ.ഡി.യു ആറു സീറ്റുകളില്‍ വിജയിച്ചു. ബിഹാറിലും അരുണാചലിലും സംസ്ഥാന പാര്‍ട്ടി പദവി നേടിയ ജെ.ഡി.യു മണിപ്പൂരിലും സംസ്ഥാന പാര്‍ട്ടി പദവി ലക്ഷ്യമിട്ടാണ് മത്സരത്തിനിറങ്ങിയത്. ഇതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. മൂന്നിടത്ത് സ്വതന്ത്രരും രണ്ടിടക്ക് കെ.പി.എയും വിജയിച്ചു. ചെറുപാര്‍ട്ടികള്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചപ്പോള്‍ ഇതിന്റെ തിക്ത ഫലം നേരിടേണ്ടി വന്നത് കോണ്‍ഗ്രസിനാണ്.

കഴിഞ്ഞ തവണ 28 സീറ്റുകളുണ്ടായിട്ടും കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിക്കുന്നതിന് പകരം ഗവര്‍ണര്‍ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരണത്തിന് വിളിച്ചത് വലിയ വിവാദങ്ങളായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്നും 15 എം.എല്‍.എമാരാണ് മറുകണ്ടം ചാടിയത്.

Test User: