X
    Categories: Health

സ്വയം നശിപ്പിക്കാന്‍ നമ്മുടെ ശരീരത്തെ പ്രേരിപ്പിക്കാന്‍ കൊറോണ വൈറസിനാകും

സ്വയം നശിപ്പിക്കാന്‍ നമ്മുടെ ശരീരത്തെ പ്രേരിപ്പിക്കാന്‍ കൊറോണ വൈറസിനാകുമെന്ന് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ഓട്ടോ ആന്റിബോഡികള്‍ നിര്‍മിക്കാന്‍ നമ്മുടെ പ്രതിരോധ സംവിധാനത്തെ പ്രേരിപ്പിച്ചാണ് കോവിഡ് ഇതില്‍ വിജയിക്കുന്നത്.

ഈ ഓട്ടോ ആന്റിബോഡികള്‍ നിയന്ത്രണമില്ലാതെ അവിടിവിടെ നടന്ന് ശരീരത്തിലെ കോശങ്ങളെ ആക്രമിക്കുന്നു. കോവിഡ് ബാധിച്ചവരുടെ ശരീരത്തിലെ ഒന്നിലധികം അവയവങ്ങള്‍ തകരാറിലാകുന്നത് ഈ ഓട്ടോ ആന്റിബോഡി പ്രവര്‍ത്തനം കൊണ്ടാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. വൈറസിനെ എങ്ങനെയാണ് ഒന്നിലധികം അവയവങ്ങളെ ബാധിക്കാന്‍ സാധിക്കുന്നതെന്ന ശാസ്ത്രജ്ഞരെ കുഴക്കിയ ചോദ്യത്തിനാണ് ഈ ഗവേഷണത്തിലൂടെ ഉത്തരമാകുന്നത്.

300ലധികം കോവിഡ് രോഗികളെ പങ്കെടുപ്പിച്ച് നടത്തിയ പഠനത്തില്‍ രക്ത പരിശോധനയിലൂടെ ഗവേഷകര്‍ അണുബാധയുടെ വിവിധ ഘട്ടങ്ങളിലുള്ള ശരീരത്തിന്റെ പ്രതിരോധ പ്രതികരണം നിരീക്ഷിച്ചു. ശരീരത്തെ സ്വയം നശിപ്പിക്കുന്ന ഓട്ടോ ആന്റിബോഡികളുടെ സാന്നിധ്യവും ഗവേഷകര്‍ പരിശോധിച്ചു. പിന്നീട് ഈ ഓട്ടോ ആന്റിബോഡി തോതിനെ കോവിഡ് പോസിറ്റീവ് ആകാത്തവരുടെ ശരീരത്തിലെ ഓട്ടോ ആന്റിബോഡി തോതുമായി താരതമ്യം ചെയ്തു.

കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ 50 ശതമാനം പേരിലും ഓട്ടോ ആന്റിബോഡികള്‍ കണ്ടപ്പോള്‍ കോവിഡ് ബാധിക്കാത്തവരിലെ 15 ശതമാനത്തിന് മാത്രമാണ് ഇത് കണ്ടത്. ചില രോഗികളില്‍ അണുബാധ തീവ്രമായതോടെ ഓട്ടോ ആന്റിബോഡി തോതും ഉയര്‍ന്നു. വൈറസ് മൂലമാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

ചില ആന്റിബോഡികള്‍ വൈറസിനെതിരെയുള്ള പ്രതിരോധ സംവിധാനത്തിന്റെ ആയുധങ്ങളെന്ന് കരുതപ്പെടുന്ന ഇന്റര്‍ഫെറോണുകളെയും ആക്രമിക്കുമെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു.

web desk 3: