X

ഗുജറാത്ത് കലാപം: മൂന്ന് കേസുകളില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് കോടതി ഒഴിവാക്കി

ഗാന്ധിനഗര്‍: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍ നിന്ന് പ്രധാനമന്ത്രി മോദിയുടെ പേര് നീക്കം ചെയ്ത് സബര്‍കാന്ത കോടതി ഉത്തരവിട്ടു. 2002ല്‍ നടന്ന കലാപത്തിന് ഇരയായവരുടെ ബന്ധുക്കള്‍ നല്‍കിയ മൂന്ന് സിവില്‍ സ്യൂട്ടുകളില്‍ നിന്നാണ് പേര് ഒഴിവാക്കിയത്. മോദിയെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ എസ് എസ് ഷാ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് ഉത്തരവ്.

പ്രാന്തിജ് കോടതിയിലെ ജഡ്ജി എസ് കെ ഗാദ്വിയാണ് മൂന്ന് സ്യൂട്ടുകളിലെയും പ്രതിസ്ഥാനത്തുനിന്ന് മോദിയെ നീക്കം ചെയ്ത് ഉത്തരവിട്ടത്. മോദിക്കെതിരെ അവ്യക്തമായ ആരോപണങ്ങള്‍ മാത്രമാണ് വാദിക്കാര്‍ ഉന്നയിച്ചതെന്നും, കലാപം നടന്ന സ്ഥലത്ത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി ഉണ്ടായിരുന്നുവെന്ന് സ്ഥാപിക്കാന്‍ തക്കതായ ഒരു വിവരവും കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. അന്നത്തെ സംസ്ഥാന സര്‍ക്കാരിന്റെയോ ഉദ്യോഗസ്ഥരുടെയോ ആരോപണവിധേയമായ പ്രവര്‍ത്തികള്‍ക്ക്, വ്യക്തിപരമായി മോദി ബാധ്യസ്ഥനാണെന്ന് ഇരകളുടെ ബന്ധുക്കള്‍ പറഞ്ഞിട്ടില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

അതേസമയം, മോദി തന്റെ അഭിഭാഷകന്‍ വഴി സമര്‍പ്പിച്ച അപേക്ഷ കലാപത്തില്‍ മരിച്ച യുകെ പൗരന്റെ മകന്‍ സലിം ശക്തമായി എതിര്‍ത്തു. യുകെ പൗരന്മാരായ ഷിറിന്‍ ദാവൂദ്, ഷമീമ ദാവൂദ്, ഇന്ത്യന്‍ പൗരനായ ഇമ്രാന്‍ സലിം ദാവൂദ് എന്നിവരുടെ ബന്ധുക്കളാണ് നഷ്ടപരിഹാരത്തിനായി സിവില്‍ സ്യൂട്ടുകള്‍ സമര്‍പ്പിച്ചിരുന്നത്. മോദി ഉള്‍പ്പെടെയുള്ള പ്രതികളോട് വാദികള്‍ 22 കോടി രൂപ നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടിരുന്നത്.

 

chandrika: