X

കോടതി വിധി സംശയിക്കപ്പെടുമ്പോള്‍

വൈക്കം സ്വദേശിനിയായ ഹൈന്ദവ യുവതി ഇസ്്‌ലാം മതം സ്വീകരിച്ച ശേഷം നടത്തിയ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി കേരളത്തില്‍ മാത്രമല്ല രാജ്യത്താകെ നിയമപരവും നൈതികവും ദാര്‍ശനികവും മതപരവുമായ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. മതം മാറിയ ഇരുപത്തിനാലുകാരിയുടെ ആഗ്രഹത്തിന് വിപരീതമായി അവളുടെ വിവാഹം റദ്ദാക്കി സ്വന്തം പിതാവിനോടൊപ്പം വിട്ടയക്കാനാണ് ബഹുമാനപ്പെട്ട കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്രായപൂര്‍ത്തിയായ ഒരു യുവതിക്ക് ഇഷ്ടപ്പെട്ട ആശയത്തിലും മതത്തിലും വിശ്വസിക്കാനും ഇഷ്ടപ്പെട്ട വ്യക്തിയുമായി വിവാഹ ബന്ധത്തിലേര്‍പെടാനും ഇന്ത്യന്‍ ഭരണഘടന അനുവദിച്ചിരിക്കെ ആ ഭരണഘടനയുടെ വ്യാഖ്യാതാക്കളായ കോടതിക്ക് എങ്ങനെയാണ് ഇത്തരത്തിലൊരു വിധി പുറപ്പെടുവിക്കാനായത് എന്ന ചോദ്യം പ്രസക്തിയുള്ളതാണ്.

2015ലാണ് അഖില എന്ന യുവതി ഇസ്‌ലാം മതം സ്വീകരിക്കുന്നതിനായി സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടിറങ്ങിയത്. തുടര്‍ന്ന് പുത്രിയെ അന്യായമായി തടങ്കലില്‍ വെച്ചെന്നു കാട്ടി പിതാവ് കെ.എം അശോകന്‍ കോടതിയെ സമീപിക്കുകയിരുന്നു. അന്വേഷണത്തില്‍ മലപ്പുറത്ത് ഒരു സ്ഥാപനത്തില്‍ പെണ്‍കുട്ടി പഠിക്കുകയാണെന്നും അതിനാല്‍ പിതാവ് ആവശ്യപ്പെടുന്നതു പ്രകാരം കുട്ടിയെ വിട്ടുനല്‍കാനാവില്ലെന്നുമായിരുന്നു കോടതിയുടെ ഉത്തരവ്. ഇതിന് ഒരു വര്‍ഷത്തിനുശേഷം 2016 ഡിസംബര്‍ 19ന് പെണ്‍കുട്ടി പത്രത്തില്‍ കണ്ട വിവാഹ പരസ്യമനുസരിച്ച് മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ 26കാരന്‍ ഷഫീന്‍ ജഹാനെ വിവാഹം ചെയ്തു. തുടര്‍ന്ന് വീണ്ടും കോടതിയില്‍ പിതാവിന്റെ കേസെത്തിയപ്പോഴാണ് കോടതിയുടെ മട്ടുമാറിയത്. മുപ്പത്തഞ്ച് ദിവസം കുട്ടിയെ പൊലീസ് കസ്റ്റഡിയില്‍ വെക്കുകയും ചെയ്തു. ഹാദിയയുടെ പരാതിയില്‍ പിന്നീട് മോചിപ്പിച്ചെങ്കിലും തീവ്രവാദ സംഘടനയായ ഐ.എസിലേക്ക് കൊണ്ടുപോകാനാണെന്ന് പറഞ്ഞ് പിതാവ് നല്‍കിയ പരാതിയിന്മേലായിരുന്നു കോടതിയുടെ മനംമാറ്റം. പൊലീസിനോട് ഇതേക്കുറിച്ച് അന്വേഷണം നടത്താനും കുട്ടിയുടെ ഭര്‍ത്താവില്‍നിന്ന് വേറിട്ട് ഹോസ്റ്റലില്‍ താമസിച്ച് പഠനം തുടരാനുമായിരുന്നു കോടതിയുടെ പിന്നീടുള്ള ഉത്തരവ്. കേസ് വീണ്ടും പരിഗണിച്ചപ്പോഴായിരുന്നു ഹൈക്കോടതി പെണ്‍കുട്ടിക്കെതിരായ വിധി പുറപ്പെടുവിച്ചത്. തന്റെ വിവാഹം ശരീഅത്ത് വിധികളനുസരിച്ച് രണ്ടു പ്രബലരായ സാക്ഷികളുടെ മുന്നില്‍വെച്ച് നടത്തിയതാണെന്നും ആയത് സാധുവാണെന്നും ഹാദിയയുടെ ഭര്‍ത്താവ് ഷഫീന്‍ ജഹാന്‍ പറയുന്നു. കഴിഞ്ഞ 156 ദിവസമായി തന്നെ കാണാനനുവദിച്ചില്ല. പക്ഷേ ഇദ്ദേഹത്തെ കേള്‍ക്കാന്‍ വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ തയ്യാറായില്ല. കുട്ടിയെ ബലം പ്രയോഗിച്ച് പൊലീസ് പിതാവിന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. കരഞ്ഞു നിലവിളിച്ചുകൊണ്ടാണ് ഹാദിയ പിതാവിനോടൊപ്പം വീട്ടിലേക്ക് പോയത്.
സാധാരണയായി ഹേബിയസ് കോര്‍പസ് (അന്യായമായി തടങ്കലില്‍ വെക്കല്‍) ഹര്‍ജികളില്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം വിടാതെ രക്ഷിതാക്കള്‍ക്കൊപ്പം വിടുക എന്ന രീതിയാണ് കോടതികള്‍ സ്വീകരിക്കാറ്. ഇത് നിയമ ദൃഷ്ട്യാ ശരിയുമാണ്. പതിനെട്ടിന് താഴെ പക്വതയില്ലാത്ത പ്രായമായതിനാലാണ് കോടതി ഇങ്ങനെ ചെയ്യാറ്. അതേസമയം ഹാദിയയുടെ കാര്യത്തില്‍ കോടതി നടത്തിയത് തികച്ചും നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ വിധിയാണെന്ന വാദമാണ് പ്രമുഖ അഭിഭാഷകരടക്കം മുന്നോട്ടുവെക്കുന്നത്. ചില സമയങ്ങളില്‍ പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിട്ടുണ്ടെങ്കിലും മാനസികമായ തകരാറുകളോ മറ്റോ ഉണ്ടെങ്കില്‍ അപൂര്‍വമായി കോടതി രക്ഷിതാക്കള്‍ക്കനുകൂലമായി മകളെ അവരോടൊപ്പം പറഞ്ഞുവിട്ടുകൊണ്ട് വിധി പ്രസ്താവിക്കാറുണ്ടെങ്കിലും മെഡിക്കല്‍ കോഴ്‌സിന് പഠിക്കുന്ന ആരും ആരോഗ്യപരമോ മാനസികമായോ പരാതിപ്പെടാത്തതുമായ ഹാദിയയുടെ കാര്യത്തില്‍ കോടതി കാട്ടിയ രീതിയാണ് പരക്കെ ചോദ്യം ചെയ്യപ്പെടുന്നത്.
മുസ്‌ലിമായി ജീവിക്കാന്‍ തനിക്ക് മറ്റേത് രാജ്യത്തേക്കും പോകേണ്ടെന്നും തനിക്കെതിരെയുള്ള പരാതികള്‍ പിന്‍വലിക്കണമെന്നും പലതവണ ഹാദിയ പിതാവിനോട് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നതാണ്. വിവാഹത്തിന് വധുവിന്റെ മാതാപിതാക്കളില്ലാതിരുന്നതാണ് വിവാഹം സാധുവല്ലാതാകാന്‍ കാരണമായി കോടതി പറയുന്നതെങ്കില്‍, വിവാഹത്തിന് മാതാപിതാക്കള്‍ വേണമെന്നത് പുതിയ നിയമ വ്യാഖ്യാനമാണ്. വിവാഹം അസാധുവാണെന്ന് തെളിയിക്കാന്‍ കോടതിക്കോ പൊലീസിനോ കഴിഞ്ഞിട്ടുമില്ല. കോടതി തന്നെ നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ വിവാഹം ശരീഅത്ത് പ്രകാരം തന്നെ നിര്‍വഹിക്കപ്പെട്ടതായും പറയുന്നുണ്ട്. ഐ.എസിലേക്ക് ഹാദിയയെ വിട്ടയക്കുന്നതായാണ് പരാതിക്കാരനായ പിതാവ് ഉന്നയിച്ച വാദമെങ്കില്‍ അതും തെളിയിക്കപ്പെട്ടിട്ടില്ല. ഈ ഘട്ടത്തിലാണ് ഹൈക്കോടതിയുടെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ചുള്ള സംശയങ്ങളുന്നയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയാതെ വരുന്നത്. മതംമാറ്റം തന്റെ സ്വന്തം തീരുമാനമാണെന്നാണ് ഹാദിയ പറയുന്നത്. ഇത് ചെവിക്കൊള്ളാതിരിക്കാന്‍ കോടതിക്കെങ്ങനെ കഴിഞ്ഞു. സംഘ്പരിവാരം പ്രചരിപ്പിച്ചത് അതേപടി ഏറ്റുപിടിക്കുന്നത് രീതിയാണ് വിധിയെന്ന വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
ഇതുസംബന്ധിച്ച് ഹാദിയ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതുകയും അതില്‍ ഹിന്ദുത്വ ശക്തികള്‍ തന്നെ വധിക്കുമെന്ന് ഭയപ്പെടുന്നതായും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്മേലൊന്നും ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്ന് മാത്രമല്ല, പൗരന്റെ അടിസ്ഥാന അവകാശത്തെപ്പോലും ചോദ്യം ചെയ്യുന്ന വിധി പുറത്തുവന്നിട്ട് ഇതുവരെയും ഇക്കാര്യത്തില്‍ ചെറു വിരലനക്കാന്‍ പോലും ഇക്കൂട്ടര്‍ തയ്യാറായിട്ടുമില്ല. സുപ്രീം കോടതിയില്‍ ഇതുസംബന്ധിച്ച അപ്പീലിനുള്ള നീക്കങ്ങള്‍ക്കൊപ്പം മതംമാറ്റത്തിനെതിരായ ഗൂഢനീക്കത്തിനെതിരെയും ചെറുത്തുനില്‍പുകളും ബോധവത്കരണങ്ങളും ഈ വിധിയിലൂടെ ആവശ്യമായിരിക്കുകയാണ്. വിധിക്കെതിരെ ഇന്നലെ ഹൈക്കോടതിയിലേക്ക് മുസ്്‌ലിം ഏകോപനസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍ച്ചിനെ തദനുസൃതമായ നീക്കമായേ കാണാനാകൂ. എന്നാല്‍ ഇതിനെ പൊലീസ് നേരിട്ട രീതി ചോദ്യം ചെയ്യപ്പെടുകയാണ്. ഇതേ സര്‍ക്കാരിന്റെ ആളുകള്‍ എത്ര തവണയാണ് ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയിട്ടുള്ളത്. എറണാകുളം ജില്ലയിലെ ഇന്നത്തെ ഹര്‍ത്താല്‍ അതുകൊണ്ടുതന്നെ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പൗരന്മാരുടെ വിശ്വാസ്യതയും ആത്മവിശ്വാസവും നിലനിര്‍ത്തിക്കൊണ്ടുമാത്രമേ ഏതൊരു ജനാധിപത്യരാഷ്ട്രത്തിനും നിലനില്‍പുള്ളൂ എന്നത് സര്‍ക്കാരിന്റെ മൂന്നുതൂണുകളും ഒരുപോലെ ഓര്‍ക്കുന്നത് നന്നായിരിക്കും.

chandrika: