X

കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30 വരെ നീട്ടി; ജൂണില്‍ സ്‌കൂളുകള്‍ തുറന്നേക്കില്ല

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നു. പ്രാദേശിക തലത്തില്‍ പരിശോധനകള്‍ കടുപ്പിക്കാനാണ് നീക്കം. കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30 വരെ നീട്ടും. അതത് ജില്ലകളിലെ സാഹചര്യങ്ങള്‍ പരിശോധിച്ചശേഷം ജില്ലാ കളക്ടര്‍മാരാകും അന്തിമ തീരുമാനം എടുക്കുക. അനാവശ്യ യാത്രകള്‍ ഒഴിവാക്കി ജനങ്ങള്‍ സ്വയം സുരക്ഷിതരാകണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.

കോവിഡ് ആശങ്കയൊഴിയാത്ത പശ്ചാത്തലത്തില്‍ ജൂണില്‍ സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്ലസ് വണ്‍ പരീക്ഷകളുടെ കാര്യത്തിലും അനിശ്ചിതാവസ്ഥ തുടരുകയാണ്. എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷാ ഫലങ്ങള്‍ ജൂണ്‍ മാസത്തോടെ പ്രഖ്യാപിക്കാനുള്ള ക്രമീകരണങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഈ അധ്യയന വര്‍ഷത്തിലെ ആദ്യ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തന്നെ തുടരാനാണ് തീരുമാനം. മെയ് മാസത്തിലെ കോവിഡ് കണക്കുകള്‍ കൂടി പരിശോധിച്ചശേഷമാകും സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുക.

അതേസമയം ജനിതക മാറ്റം വന്ന വൈറസിന്റെ വ്യാപനമാണോ രണ്ടാംഘട്ടത്തില്‍ രൂക്ഷമാകുന്നത് എന്നറിയാന്‍ പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയിലേക്കാണ് സാമ്പിളുകള്‍ അയച്ചിരിക്കുന്നത്.

 

web desk 3: