X
    Categories: Health

സൈറ്റോമെഗാലോ വൈറസ്; കോവിഡ് ബാധിതരില്‍ അപൂര്‍വ അനുബന്ധ രോഗം

കോവിഡ് വന്നുകഴിഞ്ഞാല്‍ പൂര്‍ണമായും ഭേദമാകുന്ന ഒരു അസുഖമായി ഇതുവരെ കണക്കാക്കിയിട്ടില്ല. സാധാരണ അസുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി കോവിഡ് വൈറസ് ബാധയ്ക്ക് ശേഷവും ആളുകളില്‍ പലപല അസ്വസ്ഥതകളും കണ്ടുവരുന്നു. പുതുതായി മറ്റൊന്നു കൂടി തല ഉയര്‍ത്തിയിരിക്കുകയാണ്.

ഡല്‍ഹിയിലാണ് കഴിഞ്ഞദിവസം കോവിഡ് ബാധിതരില്‍ അപൂര്‍വ അനുബന്ധ രോഗം റിപോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗം ബാധിച്ച അഞ്ചുപേര്‍ ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ചികില്‍സയിലാണ്. സൈറ്റോമെഗാലോ വൈറസാണ് രോഗത്തിന് കാരണമെന്ന് ഗംഗാറാം ആശുപത്രി ചെയര്‍മാന്‍ പ്രൊഫ. അനില്‍ അറോറ വ്യക്തമാക്കിയിട്ടുണ്ട്.

എന്താണ് സൈറ്റോമെഗാലോ വൈറസ്

രോഗപ്രതിരോധ ശേഷി ദുര്‍ബലമായ ആളുകളെ ബാധിക്കുന്ന വൈറസാണ് സൈറ്റോമെഗലോവൈറസ് (സിഎംവി). ഇതൊരു ഡബിള്‍ സ്ട്രാന്‍ഡഡ് ഡിഎന്‍എ വൈറസും ഹെര്‍പ്പസ് വൈറസ് കുടുംബത്തിലെ അംഗവുമാണ്. ആരോഗ്യമുള്ള വ്യക്തികളെ സംബന്ധിച്ചിടത്തോളം ഇത് ഒരു ആശങ്കയല്ലെങ്കിലും രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളെ ഈ വൈറസ് കാര്യമായി ബാധിച്ചേക്കാം. അണുബാധയ്ക്കുശേഷം ജീവിതകാലം മുഴുവന്‍ ഒരാളുടെ ശരീരത്തിനുള്ളില്‍ ഈ വൈറസ് തുടര്‍ന്നേക്കാം. രോഗം ബാധിച്ച വ്യക്തിയുടെ രക്തം, മൂത്രം, ഉമിനീര് എന്നിവയിലൂടെയാണ് വൈറസ് പടരുന്നത്.

കോവിഡ് രോഗികളെ എങ്ങനെ ബാധിക്കുന്നു

കോവിഡ് സ്ഥിരീകരിച്ച് 20 മുതല്‍ 30 ദിവസത്തിന് ശേഷമാണ് ഈ രോഗം കണ്ടെത്തുന്നത്. രോഗപ്രതിരോധശേഷി കുറഞ്ഞവരെയാണ് ഈ വൈറസ് ബാധിക്കുന്നതെന്നും ആരോഗ്യവിദഗ്ധര്‍ സ്ഥിരീകരിക്കുന്നു. കോവിഡ് ബാധിതരില്‍ മലദ്വാരത്തിലൂടെ രക്തസ്രവം ഉണ്ടാകുന്നതാണ് രോഗലക്ഷണം. വൈറസ് ബാധിച്ച രോഗികളുടെ മലത്തില്‍ രക്തം, വയറുവേദന എന്നിവ റിപ്പോര്‍ട്ട് ചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

എങ്ങനെ കണ്ടെത്താം

വൈറസ് ബാധ നിര്‍ണ്ണയിക്കാന്‍ രക്തവും മൂത്ര പരിശോധനയും കൂടാതെ സൈറ്റോമെഗലോവൈറസ് ആന്റിജന്‍, വൈറസ് കള്‍ച്ചര്‍ അല്ലെങ്കില്‍ പി.സി.ആര്‍ ടെസ്റ്റ് എന്നിവയാണ് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നത്.

web desk 3: