X

രാജ്യത്തെ കോവിഡ് വ്യാപനം അതിരൂക്ഷം; പുതുതായി 1.15 ലക്ഷം കേസുകള്‍

ഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ കോവിഡ് പ്രതിദിന കേസുകളാണ് ഇത്. 24 മണിക്കൂറിനിടെ 630 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചിട്ടുണ്ട്. 59,856 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,28,01,785 ആയി ഉയര്‍ന്നു. 1,17,92,135 പേര്‍ രോഗമുക്തി നേടി. നിലവില്‍ 8,43,473 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 1,66,177 ആയി ഉയര്‍ന്നു.

രാജ്യത്ത് ഇതുവരെ 8,70,77,474 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 25,14,39,598 സാംപിളുകള്‍ ഇതുവരെ പരിശോധിച്ചു. ചത്തീസ്ഗഢ്, ഡല്‍ഹി, കര്‍ണാടക,മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കോവിഡ് കേസുകളുള്ളത്.

കോവിഡ് വ്യാപനവും മരണനിരക്കും രാജ്യമൊട്ടുക്കും ഉയര്‍ന്നതോടെ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചുതുടങ്ങിയിട്ടുണ്ട്. ദേശീയതലത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടില്ലെങ്കിലും സംസ്ഥാനങ്ങള്‍ പ്രാദേശിക സ്ഥിതിഗതികള്‍ വിലയിരുത്തി നടപടികള്‍ ആരംഭിച്ചു.മഹാരാഷ്ട്രയില്‍ രാത്രിസമയത്തും ശനി, ഞായര്‍ ദിവസങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനു പിന്നാലെ ഡല്‍ഹിയിലും ചൊവ്വാഴ്ച മുതല്‍ ഏപ്രില്‍ 30 വരെ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു.

web desk 3: