X

മോദി സര്‍ക്കാര്‍ അറിയാന്‍, ഇതാ ആ എണ്ണം- കോവിഡ് കാലത്ത് മരിച്ച കുടിയേറ്റ തൊഴിലാളികള്‍ 972

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരെ പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണില്‍ മരിച്ചത് 972 പേരെന്ന് സ്റ്റാന്‍ഡേഡ് വര്‍ക്കേഴ്‌സ് ആക്ഷന്‍ നെറ്റ്‌വര്‍ക്ക് പഠനം. ജൂലൈ നാലു വരെയാണ് ഇത്രയും പേര്‍ മരണത്തിന് കീഴടങ്ങിയത് എന്ന് സംഘടന നടത്തിയ പഠനത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം ലോക്ക്ഡൗണ്‍ കാലത്ത് മരിച്ച കുടിയേറ്റ തൊഴിലാളികള്‍ എത്രയെന്ന് അറിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നത്.

‘ഇത് റിപ്പോര്‍ട്ട് ചെയ്ത മരണങ്ങള്‍ മാത്രമാണ്. ഈ മരണങ്ങളുടെ കാരണങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തുകയും നഷ്ടപരിഹാരം നല്‍കുകയും വേണം. മരണ സ്വഭാവങ്ങളില്‍ മാറ്റങ്ങളുണ്ടാകാം. വിവരങ്ങള്‍ ഇല്ല എന്നു പറഞ്ഞ് ഈ മരണങ്ങളെ മാറ്റി നിര്‍ത്തുന്നത് ശരിയല്ല. ദരിദ്ര വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചത്. അതു കൊണ്ടു തന്നെ അവര്‍ക്ക് നഷ്ടപരിഹാരം അടിയന്തരമായി നല്‍കേണ്ടതുണ്ട്- സംഘടനാ അംഗം അനിന്ദിത അധികാരി പറഞ്ഞു.

പട്ടിണിയും സാമ്പത്തിക ബുദ്ധിമുട്ടുകളും മൂലം 216 കുടിയേറ്റ തൊഴിലാളില്‍ മരിച്ചു എന്നാണ് പഠന റിപ്പോര്‍ട്ട്. 209 പേര്‍ റോഡ്, റെയില്‍ അപകടങ്ങളില്‍ മരിച്ചു. 133 പേര്‍ ആത്മഹത്യ ചെയ്തു. 96 പേര്‍ ശ്രാമിക് തീവണ്ടികളില്‍ മരച്ചു. 76 പേര്‍ ചികിത്സ കിട്ടാതെയും 49 പേര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും മരിച്ചു- പഠന റിപ്പോര്‍ട്ട് പറയുന്നു.

കുടിയേറ്റ തൊഴിലാളികളുടെ മരണങ്ങളില്‍ 30 എണ്ണം പൊലീസ് അതിക്രമം മൂലമായിരുന്നു. മുപ്പത് പേര്‍ മദ്യം ഉപയോഗിക്കാന്‍ കഴിയാതെയും മരിച്ചു. 65 മരണങ്ങളുടെ കാരണം കണ്ടെത്തിയിട്ടില്ല- റിപ്പോര്‍ട്ട് വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപയെങ്കിലും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാജ്യത്ത് ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ക്കാണ് ജോലി നഷ്ടമായിരുന്നത്.

Test User: