X
    Categories: Health

ശ്വാസം പിടിച്ചു വയ്ക്കുന്നത് കോവിഡ് ബാധയ്ക്ക് സാധ്യത വര്‍ധിപ്പിക്കും

ദീര്‍ഘനേരം ശ്വാസം പിടിച്ചു വയ്ക്കുന്ന തരം ശ്വസനം കോവിഡ് അണുബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് ഐഐടി മദ്രാസിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

ശ്വാസമെടുപ്പിന്റെ ആവൃത്തി ലബോറട്ടറിയില്‍ മോഡല്‍ ചെയ്‌തെടുത്ത് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. വൈറസ് അടങ്ങിയ കണികകളുടെ ഒഴുക്കിന്റെ തോത് അവ ശ്വാസകോശത്തിനുള്ളില്‍ നിക്ഷേപിക്കപ്പെടുന്നതിനെ എപ്രകാരം ബാധിക്കുന്നു എന്നറിയാന്‍ ആണ് പഠനം നടത്തിയത്.

കുറഞ്ഞ ശ്വാസമെടുപ്പ് ആവൃത്തി വൈറസ് കൂടുതല്‍ നേരം ശ്വാസകോശത്തില്‍ തങ്ങി നില്‍ക്കാന്‍ കാരണമാകുമെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. ഇത് ശ്വാസകോശത്തിന് അണുബാധയേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഒരാളുടെ ശ്വാസകോശ ഘടനയും കോവിഡ് വരാനുള്ള സാധ്യതയെ സ്വാധീനിക്കുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

വൈറസ് കണികകള്‍ ശ്വാസകോശത്തിന്റെ ഉള്ളറകളില്‍ എത്തി അവിടെ നിക്ഷേപിക്കപ്പെടുന്ന പ്രക്രിയ പഠനം വരച്ചു കാട്ടുന്നതായി ഐഐടി മദ്രാസിലെ അപ്ലൈഡ് മെക്കാനിക്‌സ് പ്രൊഫസര്‍ മഹേഷ് പഞ്ചാഗ്‌നുള്ള പറഞ്ഞു.

അതേസമയം മൂക്കില്‍ നിന്ന് ശ്വാസകോശത്തിലേക്ക് ഉള്ള വൈറസിന്റെ സഞ്ചാരത്തെ കുറിച്ച് വ്യക്തമായ ചിത്രം ശാസ്ത്രലോകത്തിന് ഇനിയും ലഭ്യമായിട്ടില്ല.

 

web desk 3: