X
    Categories: indiaNews

ഭാര്യയോട് കോവിഡാണെന്ന് പറഞ്ഞ് മുങ്ങി; കാമുകിക്കൊപ്പം കഴിഞ്ഞ യുവാവിനെ പൊലീസ് പൊക്കി

മുംബൈ: കോവിഡ്19 സ്ഥിരീകരിച്ചതായി ഭാര്യയോട് നുണ പറഞ്ഞ് മുങ്ങി കാമുകിക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ പോലീസ് രണ്ട് മാസത്തിന് ശേഷം കണ്ടെത്തി. നവി മുംബൈയില്‍ നിന്ന് ജൂലായ് 21 ന് കാണാതായ ഇരുപത്തെട്ടുകാരനെയാണ് ബുധനാഴ്ച ഇന്‍ഡോറില്‍ നിന്ന് പോലീസ് കണ്ടെത്തിയത്.

നവി മുംബൈയിലെ തലോജയിലാണ് ഭാര്യക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പം യുവാവ് താമസിച്ചിരുന്നത്. തനിക്ക് കോവിഡാണെന്നും രോഗബാധയില്‍ നിരാശനായതിനെ തുടര്‍ന്ന് താന്‍ മരിക്കാന്‍ പോവുകയാണെന്നും ഭാര്യയോട് ഫോണില്‍ പറഞ്ഞ ശേഷം ഇയാള്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്തു.

തൊട്ടടുത്ത ദിവസം യുവാവിന്റെ ബൈക്കും താക്കോലും ഹെല്‍മെറ്റും ഓഫിസ് ബാഗും പേഴ്‌സും വാഷിയ്ക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാര്യാസഹോദരന്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് പല രീതിയില്‍ അന്വേഷണം ആരംഭിച്ചു.

കോവിഡ് പരിശോധനാ കേന്ദ്രങ്ങളിലും മറ്റു കോവിഡ് കേന്ദ്രങ്ങളിലും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ആത്മഹത്യ ചെയ്തിരിക്കാമെന്ന നിഗമനത്തില്‍ ആ വഴിയ്ക്കും അന്വേഷണം നടത്തിയതായി സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സഞ്ജീവ് ധുമാല്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഫോണ്‍ സ്വിച്ചോഫ് ആയിരുന്നതിനാല്‍ യാതൊരു സൂചനയും ലഭിച്ചില്ല.

കഴിഞ്ഞയാഴ്ച ലഭിച്ച വിവരമനുസരിച്ച് ഇന്‍ഡോറിലെത്തിയ പോലീസ് മറ്റൊരു യുവതിയുമൊത്ത് താമസിക്കുന്ന യുവാവിനെ കണ്ടെത്തി. വീട് വാടകയ്‌ക്കെടുത്ത് മറ്റൊരു പേരിലായിരുന്നു ഇയാള്‍ ‘പുതിയ ഭാര്യ’യുമൊത്ത് താമസിച്ചിരുന്നത്. ബുധനാഴ്ച പോലീസ് ഇയാളെ തിരികെ നവി മുംബൈയിലെത്തിച്ചു. ഇപ്പോള്‍ ഭാര്യയുടെ ‘കസ്റ്റഡി’യിലാണിയാള്‍ !.

 

web desk 1: