X

രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികള്‍ ഉള്ളത് ഇപ്പോള്‍ കേരളത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ ഏറ്റവും കൂടുതലുള്ളത് കേരളത്തില്‍. മഹാരാഷ്ട്രയാണ് രണ്ടാമത്. രണ്ട് സംസ്ഥാനങ്ങളിലും അര ലക്ഷത്തിലധികം പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 63,547 പേരാണ് കേരളത്തില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്രയില്‍ 53,463 പേര്‍.

എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ ഗണ്യമായി കുറയുമ്പോഴാണ് കേരളത്തില്‍ ഈ റെക്കേര്‍ഡ് കേസുകള്‍ തുടരുന്നത്. അതേസമയം, ചികിത്സയിലുള്ളവരില്‍ 56% പേര്‍ക്കും നിസ്സാര പ്രശ്‌നങ്ങളെയുള്ളുവെന്നും ഇവര്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്നും ആരോഗ്യമന്ത്രാലയം പറയുന്നു. 43% പേരാണ് പരിചരണ കേന്ദ്രങ്ങളിലോ ആശുപത്രികളിലോ ഉള്ളത്.

ലോകത്തെ പ്രധാന രാജ്യങ്ങളിലെല്ലാം കോവിഡ് ബാധ വീണ്ടും രൂക്ഷമായി വര്‍ധിക്കവേ, ഇന്ത്യയില്‍ സെപ്റ്റംബര്‍ 17നു ശേഷം കേസുകള്‍ കുറയുന്നതിന്റെ സൂചനയുണ്ട്. ഓരോ 10 ലക്ഷം പേരിലും 7593 പേര്‍ക്ക് വൈറസ് ബാധ, 109 മരണം എന്ന നിരക്കിലാണ് ഇന്ത്യയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ലോകരാജ്യങ്ങളുമായുള്ള താരതമ്യത്തില്‍ ഇതു കുറവാണ്.

web desk 1: