X
    Categories: indiaNews

വിവാദ ‘പശുപരീക്ഷ മാറ്റി’ ; വിശദീകരണമില്ല

ഡല്‍ഹി: വിവാദ കാമധേനു പരീക്ഷ മാറ്റി വെച്ചു. 21 ന് നടത്താനിരുന്ന മാതൃകാ പരീക്ഷയും 25 ന് നടത്താനിരുന്ന പരിക്ഷയുമാണ് മാറ്റി വെച്ചത്. ഇക്കാര്യം രാഷ്ട്രീയ കാമ ധേനു ആയോഗിന്റെ വെബ്‌സൈറ്റില്‍ സൂചിപ്പിക്കുന്നു.

യുജിസിയാണ് രാജ്യത്തെ വിദ്യാര്‍ത്ഥികളെ പശു ശാസ്ത്ര പരീക്ഷയെഴുതാന്‍ പ്രോത്സാഹിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഒരു വ്യക്തിക്ക് പശു ശാസ്ത്രത്തിലെ വൈദഗ്ധ്യം ടെസ്റ്റ് ചെയ്യുന്നതിനാണ് ‘കാമധേനു ഗോ വിഗ്യാന്‍ പ്രചാര്‍ പ്രസാര്‍ പരീക്ഷ’ എഴുതിക്കാനുള്ള യുജിസി നീക്കം. ഓണ്‍ലൈനായി നടത്തുന്ന പരീക്ഷക്ക് രജിസ്‌ട്രേഷന്‍ സൗകര്യവും അനുവദിച്ചിരുന്നു. പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്ക് മലയാളം ഉള്‍പ്പെടെ ഒമ്പത് ഭാഷയില്‍ റഫറന്‍സ് രേഖകള്‍ തയ്യാറാക്കിയിട്ടുണ്ട്. സംഭവം വിവാദമായതോടെ ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്തെത്തിയിരുന്നു.

പരീക്ഷ അന്ധവിശ്വാസം പ്രചരിപ്പിക്കാനാണെന്നായിരുന്നു ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആരോപണം.
‘ഒരു സര്‍ക്കാര്‍ ഏജന്‍സിയായ രാഷ്ട്രീയ കാമധേനു ആയോഗ് ആണ് ഫെബ്രുവരി 25 ന് ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നത്. അതിനുവേണ്ടി മലയാളം ഉള്‍പ്പടെ വിവിധ ഭാഷകളില്‍ പഠന സാമഗ്രികളും തയ്യാറാക്കിയിട്ടുണ്ട്. യാതൊരു തെളിവോ യുക്തിയോ ശാസ്ത്രീയ പിന്‍ബലമോ ഇല്ലാത്ത നിരവധി അസംബന്ധങ്ങളുടേയും മണ്ടത്തരങ്ങളുടേയും നീണ്ടനിര തന്നെ ഈ പുസ്തകങ്ങളിലുണ്ട്. നാടന്‍ പശുക്കളുടെ (അവയുടെ മാത്രം) സൂര്യനാഡി സുര്യപ്രകാശം ആഗിരണം ചെയ്ത് വൈറ്റമിന്‍ ഡി നിര്‍മിക്കുന്നു, പശുക്കളുടെ കണ്ണുകള്‍ ബുദ്ധിയുടെ കേന്ദ്രങ്ങളാണ്, അവയുടെ അകിടില്‍ നിന്നു ചുരത്തുന്നത് അമൃതാണ്, അവയുടെ വാല്‍ ഉയര്‍ന്ന അദ്ധ്യാത്മിക മണ്ഡലങ്ങളിലേക്കു പോകുവാനുള്ള ചവിട്ടു പടിയാണ്, നാടന്‍ പശുക്കളുടെ പാല്‍ മനുഷ്യരെ അണു പ്രസരത്തില്‍നിന്ന് സംരക്ഷിക്കുന്നു, നാടന്‍ പശുക്കളുടെ (അവയുടെ മാത്രം) ഇളം മഞ്ഞ പാലില്‍ സ്വര്‍ണം കാണപ്പെടുന്നു, ഗോമാതാവില്‍ നിന്നു ലഭിക്കുന്ന പാലും തൈരും മൂത്രവും ചാണകവും നെയ്യും തുല്യ അളവില്‍ ചേര്‍ത്തു തയ്യാറാക്കുന്ന പഞ്ചഗവ്യം ഒരു സിദ്ധ ഔഷധമാണ്, ഭൂമികുലുക്കങ്ങളും ഗോവധ സമയത്തുണ്ടാകുന്ന നെഗറ്റീവ് ഊര്‍ജ തരംഗങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട് തുടങ്ങിയവ പുസ്തകങ്ങളിലുള്ള അസംബന്ധ പ്രസ്താവനകള്‍ക്ക് ഉദാഹരണങ്ങളാണ്.’ എന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് ആരോപിച്ചു.

പ്രൈമറി, സെക്കന്‍ഡറി, കോളജ് തലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പരീക്ഷയില്‍ പങ്കെടുക്കാനാകും. പാല്‍ ഉല്‍പ്പാദനത്തിനായി പശുക്കളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നത് സംബന്ധിച്ച് വിദ്യാര്‍ഥികളില്‍ അവബോധമുണ്ടാക്കാനാണ് സര്‍ക്കാര്‍ എല്ലാ വര്‍ഷവും പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

web desk 3: