X

വെടിവെച്ചു കൊല്ലുക എന്നതിനോട് യോജിക്കാന്‍ സാധിക്കില്ല; മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരെ സിപിഐ പ്രമേയം

തിരുവനന്തപുരം: ഏറ്റുമുട്ടലിന്റെ പേരില്‍ വയനാട്ടില്‍ ഒരാളെ വെടിവെച്ചുകൊന്നത് അപരിഷ്‌കൃത നടപടിയെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും സിപിഐ സംസ്ഥാന കൗണ്‍സിലില്‍ പ്രമേയം. തണ്ടര്‍ബോള്‍ട്ട് എന്ന പേരില്‍ കാടുകളില്‍ ഏറ്റുമുട്ടല്‍ പരിപാടികള്‍ സംഘടിപ്പിക്കുന്ന രീതി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

മാവോയിസ്റ്റുകളുടെ പ്രവര്‍ത്തന ശൈലികളോട് പാര്‍ട്ടിക്ക് യോജിപ്പില്ല. എന്നാല്‍ അത്തരക്കാരെയെല്ലാം വെടിവെച്ചു കൊല്ലുക എന്നതിനോടും യോജിക്കാന്‍ കഴിയുന്നില്ല. കേരളത്തില്‍ ജനജീവിതത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന മാവോയിസ്റ്റ് ഭീഷണി ഇല്ലെന്ന് ഏവര്‍ക്കുമറിയാം. തണ്ടര്‍ബോള്‍ട്ടിന്റെ ആവശ്യകതയേ ഇല്ലാത്ത നമ്മുടെ കാടുകളില്‍ ഇത്തരമൊരു സേന തമ്പടിക്കുന്നതും കൊലപാതകങ്ങളുടെ പരമ്പര തീര്‍ക്കുന്നതും അംഗീകരിക്കാന്‍ കഴിയുന്നതല്ല.

ഏത് ഭീഷണിയെപ്പറ്റിയും മനസ്സിലാക്കാന്‍ കേരള പൊലീസില്‍ സംവിധാനവും, ഇടപെടാന്‍ സേനയും ഉണ്ടെന്നിരിക്കെ മാവോയിസ്റ്റുകളെ കൊന്നൊടുക്കാനായി തണ്ടര്‍ബോള്‍ട്ട് എന്ന സേനയെ വിന്യസിക്കുന്നത് അങ്ങേയറ്റത്തെ അനീതിയും മനുഷ്യാവകാശ ലംഘനവുമാണെന്നും വയനാട്ടിലെ കൊലപാതകം സംബന്ധിച്ച് മജിസ്‌ട്രേട്ട്തല അന്വേഷണം അടിയന്തരമായി നടത്തണമെന്നും സിപിഐ സംസ്ഥാന കൗണ്‍സില്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

web desk 3: