X

ജയരാജനെ ‘ചെഞ്ചോരപ്പൊന്‍ കതിരാക്കി’ പാട്ട്; സി.പി.എമ്മില്‍ പി. ജയരാജനെതിരെ പടയൊരുക്കം

തിരുവനന്തപുരം: സി.പി.എം കണ്ണൂര്‍ ലോബിയില്‍ പൊട്ടിത്തെറി. പി. ജയരാജന് നേരെ പാര്‍ട്ടിയില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടിയില്‍ വ്യക്തിപൂജ നടക്കുന്നുവെന്നാണ് സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നത്. പി.ജയരാജന്റെ ജീവിതരേഖയും പാട്ടുകളും പുറത്തിറങ്ങിയ സാഹചര്യത്തിലാണ് ജയരാജനെതിരെയുള്ള നീക്കമുണ്ടായത്.

‘ചെഞ്ചോരപ്പൊന്‍ കതിരല്ലേ, ചെമ്മണ്ണിന്‍ മാനം കാക്കും നന്‍മതന്‍ പൂമരമല്ലോ, കണ്ണൂരിന്റെ താരകമല്ലേ ജയജയരാജന്‍, ധീരസഖാവ്’ -എന്ന് തുടങ്ങുന്നതാണ് ഗാനം. ഇതിനെതിരെ വിമര്‍ശനം ഉയരുകയായിരുന്നു. ജയരാജന്‍ സ്വയം മഹത്വവല്‍ക്കരിക്കുന്നു എന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍. ഇതിനായി ജയരാജന്‍ ജീവിതരേഖയും നൃത്തശില്‍പ്പവും തയ്യാറാക്കി. പാര്‍ട്ടിക്ക് അതീതനായി വളരാനാണ് ജയരാജന്റെ നീക്കമെന്നും അത് അനുവദിക്കാനാകില്ലെന്നും സംസ്ഥാന സമിതി വിലയിരുത്തുകയായിരുന്നു. വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ജയരാജനെതിരെ നടപടിക്കൊരുങ്ങുകയായിരുന്നു പാര്‍ട്ടി. ഇതേതുടര്‍ന്ന് ജയരാജന്റെ പ്രവര്‍ത്തികള്‍ കണ്ണൂര്‍ ജില്ലയിലെ എല്ലാ ഘടകങ്ങളിലും റിപ്പോര്‍ട്ട് ചെയ്യാന്‍ സംസ്ഥാന സമിറ്റിയില്‍ തീരുമാനമാവുകയായിരുന്നു്. തികച്ചും അപ്രതീക്ഷിതമായിരുന്നു ജയരാജനെതിരെയുള്ള നീക്കം. എന്നാല്‍ ഈ വിഷയത്തില്‍ പിണറായി വിജയന്റേയും കൊടിയേരിയുടേയും എം.വി ജയരാജന്റേയും നിലപാട് എന്താണെന്ന് വ്യക്തമല്ല.

അതേസമയം, തനിക്കുനേരെ ഉയര്‍ന്ന അപ്രതീക്ഷിത നീക്കത്തില്‍ ജയരാജന്‍ അമ്പരന്നതായാണ് വിവരം. പ്രതിഷേധിച്ച് സംസ്ഥാന സമിതിയില്‍ നിന്നിറങ്ങിപ്പോയ ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ജീവിതരേഖ തയ്യാറാക്കിയതില്‍ തനിക്ക് പങ്കില്ല. കെ.കെ രാഗേഷ് എം.പിയാണ് തയ്യാറാക്കിയതെന്നും ജയരാജന്‍ പറഞ്ഞതായാണ് പുറത്തുവരുന്ന വിവരം. പുറച്ചേരി ഗ്രാമീണ കലാവേദിയുടെ ബാനറില്‍ പ്രദീപ് കടയപ്രം നിര്‍മ്മിച്ചതാണ് ഡോക്യുമെന്റ്രി.

chandrika: