X

ബംഗാളിലും സിപിഎം കോണ്‍ഗ്രസിന്റെ കൈപിടിക്കും

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ കോണ്‍ഗ്രസിനൊപ്പം സിപിഎം കൈകോര്‍ക്കുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ച് മത്സരിക്കാനാണ് തീരുമാനം. ബംഗാള്‍ സംസ്ഥാനഘടകത്തിന് പോളിറ്റ് ബ്യൂറോയുടെ നിര്‍ദ്ദേശം ലഭിച്ചു. വെളളി, ശനി ദിവസങ്ങളില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക തീരുമാനമുണ്ടാകും.

കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങളില്‍ അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ സിപിഎമ്മിന്റെ തയ്യാറെടുപ്പ് പിബി യോഗത്തില്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പ് സമീപനരേഖ തയ്യാറാക്കി കേന്ദ്രകമ്മിറ്റിയോഗത്തില്‍ അവതരിപ്പിക്കാനാണ് തീരുമാനം. സംസ്ഥാന ഘടകങ്ങള്‍ പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പിബിയുടെ കരടുരേഖയും സംസ്ഥാനങ്ങളുടെ റിപ്പോര്‍ട്ടും കേന്ദ്രകമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനമുണ്ടാകും.

ഒന്നിച്ചു മത്സരിക്കാന്‍ ധാരണയായതിന്റെ അടിസ്ഥാനത്തില്‍ ബംഗാളില്‍ ഇടതുമുന്നണി-കോണ്‍ഗ്രസ് നേതാക്കള്‍ മൂന്നുമാസം മുമ്പ് യോഗം ചേര്‍ന്ന് പൊതുമിനിമം പരിപാടി തയ്യാറാക്കാന്‍ തീരുമാനിച്ചിരുന്നു. ജൂണ്‍ 29-ന് ഇന്ധന വിലവര്‍ധനവിനെതിരെയുള്ള പ്രക്ഷോഭത്തിലും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും കൈകോര്‍ത്തു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയിലാണ് സിപിഎം മത്സരിച്ചതെങ്കിലും ഫലമുണ്ടായില്ല. ഈ സഖ്യം പിന്നീട് സിപിഎം കേന്ദ്രകമ്മിറ്റി തള്ളുകയും ചെയ്തു. എന്നാല്‍ ബിജെപിയെ തോല്‍പ്പിക്കാനുള്ള പാര്‍ട്ടി കോണ്‍ഗ്രസ് പ്രഖ്യാപനത്തെ തുടര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ധാരണയ്ക്കു ശ്രമിച്ചു. പക്ഷേ സീറ്റുകളെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ സഖ്യം യാഥാര്‍ത്ഥ്യമായില്ല.

 

chandrika: